പാർട്ടി മാറി സ്ഥാനാർഥിയാകുന്നത് തെരഞ്ഞെടുപ്പ് വേളയിൽ പതിവ് കാഴ്ചയാണ്. എന്നാൽ ഓരോ അഞ്ച് കൊല്ലം കഴിയുമ്പോൾ പാർട്ടി മാറി മാറി മത്സരിക്കുന്നവർ ചുരുക്കമാണ്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് കഴുതുരുട്ടി വാർഡിലെ ബിജെപി സ്ഥാനാർഥിയായ മാമ്പഴത്തറ സലിം ഇത്തരത്തിൽ പാർട്ടിക്കുപ്പായം മാറ്റി മാറ്റി മത്സരിക്കുന്നയാളാണ്.
1995ലായിരുന്നു സലിമിന്റെ കന്നിപോരാട്ടം. അരിവാൾ ചുറ്റിക നക്ഷത്രമായിരുന്നു സലിമിന്റെ ചിഹ്നം. സി പി എം സ്ഥാനാർത്ഥിയായി കഴുതുരുട്ടി വാർഡിൽ നിന്ന് മത്സരിച്ച് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി. 2000ലും 2005ലും സിപിഎമിനു വേണ്ടി തന്നെ മത്സരിച്ച് വിജയിച്ചു.
എന്നാൽ, സി പി എമ്മുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് 2009ൽ പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. 2010ൽ കഴുതുരുട്ടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. അന്ന് വൈസ് പ്രസിഡണ്ട് ആയി. കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കേ 2015ൽ ഇടപ്പാളയത്ത് നിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. കാലുവാരിയതാണെന്ന് ആരോപിച്ച് സലിം പിന്നീട് പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്നു.
നിരവധി അസ്വാരസ്വങ്ങൾക്ക് ശേഷം 2017 ജൂലൈയിൽ സലിം കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നു. ഇത്തവണയും കഴുതുരുട്ടിയിലെ സ്ഥാനാർത്ഥിയാണ് സലിം. ഇത്തവണ മത്സരിക്കുന്നത് താമര അടയാളത്തിൽ ആണെന്ന് മാത്രം.
Post Your Comments