കൊല്ലം: മാമ്പഴത്തറ സലീം സി.പി.ഐ.എം വിട്ട് ബി.ജെ.പിയിൽ ചേരുന്നതായി റിപ്പോർട്ട്. ആര്യങ്കാവ് പഞ്ചായത്തിലെ സി.പി.ഐ.എം പഞ്ചായത്ത് അംഗമാണ് നിലവിൽ മാമ്പഴത്തറ സലീം. വീണ്ടും രാഷ്ട്രീയ മാറ്റത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോടൊപ്പം സലീം പങ്കെടുത്തതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം.
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന്റെ വിജയം ആഘോഷിക്കാനായിരുന്നു അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബി.ജെ.പി ചടങ്ങ് സംഘടിപ്പിച്ചത്. സലീം മുൻപ് ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗവും കഴുതുരുട്ടി വാര്‍ഡ് അംഗവുമായിരുന്നു. പാർട്ടിയുമായി ഇടഞ്ഞ അദ്ദേഹം, സംസ്ഥാന കമ്മറ്റിയംഗത്വവും വാര്‍ഡ് അംഗത്വവും രാജിവെച്ച് സി.പി.ഐ.എമ്മിലേക്ക് ചേക്കേറിയിരുന്നു. തുടര്‍ന്ന് നടന്ന കഴുതുരുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
സി.പി.ഐ.എമ്മിൽ ചേർന്ന അദ്ദേഹം, ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്കംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. എന്നാൽ, സലീമുമായി മറ്റ് നേതാക്കൾ അത്ര സ്വരചേർച്ചയിൽ ആയിരുന്നില്ല. നേതാക്കളുമായി ഇടഞ്ഞ് അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഇതിന് പിന്നാലെ, പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആദ്യമായി ഭരണം ലഭിക്കുകയും സലീം വൈസ് പ്രസിഡന്റായി മാറുകയും ചെയ്തിരുന്നു.
പിന്നീട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. നാല് വര്‍ഷത്തോളം ബി.ജെ.പി നേതൃത്വത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് പഞ്ചായത്തംഗവുമായി. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മില്‍ ചേർന്നു. സി.പി.ഐ.എമ്മിന്റെ ചീട്ടിൽ വീണ്ടും വിജയിച്ചു കയറി. ഇതിനിടെയാണ് അദ്ദേഹം വീണ്ടും ബി.ജെ.പിയിലേക്ക് തന്നെ തിരികെ വരുന്നതായി റിപ്പോർട്ടുകൾ വരുന്നത്.
Post Your Comments