കൊച്ചി: കുറച്ചു വർഷങ്ങളായി കേരള ബിജെപിയുടെ പ്രകടനം മോശമാണെന്നാണ് പൊതുവെ ബിജെപി പ്രവർത്തകർക്ക് പോലുമുള്ള അഭിപ്രായം. സർക്കാരിനെതിരെ ആഞ്ഞടിക്കാൻ നിരവധി അഴിമതിവിഷയങ്ങളും തീവ്രവാദ വാർത്തകളും എല്ലാം കേരളത്തിൽ നിന്ന് വന്നിട്ടും കേരള ബിജെപിയുടെ ഈ വിഷയങ്ങളിലുള്ള പ്രതിരോധം തുലോം ദുർബലമായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. ഇത് കുറച്ചു നാളായി ബിജെപിയ്ക്കുള്ളിൽ തന്നെ പുകയുകയാണ്. ദേശീയ നേതൃത്വത്തിലും വിഷയം എത്തിയതോടെ കേരള ബിജെപിയെ അടിമുടി ഉടച്ചു വാർക്കാൻ ദേശീയ നേതൃത്വം മുന്നിട്ടിറങ്ങുന്നു എന്നാണ് മാധ്യമങ്ങളും ചില രാഷ്ട്രീയ നിരീക്ഷകരും നൽകുന്ന സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സാമ്പത്തിക ക്രമക്കേടും വിഭാഗീയതയും സംബന്ധിച്ച് കെ സുരേന്ദ്രനെതിരെ ആരോപണങ്ങൾ ശക്തമായതോടെയാണ് കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലേക്ക് ദേശീയ നേതൃത്വം എത്തിയത് എന്നാണ് സൂചന. സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ദേശീയ നേതൃത്വം പരിഗണിക്കുന്നത് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ആണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സംസ്ഥാന അധ്യക്ഷന് പുറമേ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും അടങ്ങുന്ന നേതൃനിരയാണ് പാർട്ടി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാകും കേരളത്തിലെ നേതൃമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
അതേസമയം ജനകീയനും സത്യസന്ധനും സെലിബ്രിറ്റിയുമായ സുരേഷ് ഗോപിയെ ഇതര രാഷ്ട്രീയ കക്ഷികൾ പോലും ബഹുമാനിക്കുന്നത് ദേശീയ നേതൃത്വത്തിന് കൂടുതൽ മതിപ്പുളവാക്കുന്നു. സുരേഷ് ഗോപി നടത്തുന്ന സാമൂഹിക ഇടപെടലുകൾ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ ചുമതല ഏൽപ്പിക്കുന്നതിലാണ് കേന്ദ്ര നേതൃത്വത്തിന് കൂടുതൽ താൽപ്പര്യം. എന്നാൽ സിനിമയുമായി ബന്ധപ്പെട്ടുള്ള തിരക്കുകൾ കാരണം പ്രധാന ചുമതകളിലേക്ക് പരിഗണിക്കരുതെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി മനസ്സിലാക്കി രണ്ട് വർക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ച് സുരേഷ് ഗോപിയെ ഒന്നാമനാക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നുണ്ടെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
അതേസമയം ഇതിനെതിരെ ഒരു വിഭാഗം പ്രവർത്തനങ്ങൾ നടത്തുന്നെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കൊടകര പണക്കേസും വയനാട്ടിലെ വിഷയങ്ങളും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസും പിടിപ്പുകേടിന്റെ ഫലമാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എന്നും കേരളത്തിൽ ആർഎസ്എസ് പ്രചാരകന്മാരെ മാത്രമേ നിർദ്ദേശിച്ചിട്ടുള്ളൂ. ഇപ്പോൾ എം ഗണേശനാണ് ആ സ്ഥാനത്തുള്ളത്. എന്നാൽ ഗണേശനെയും മാറ്റുമെന്നാണ് സൂചനകൾ. എന്നാൽ നിലവിൽ കേരളത്തിലെ പ്രധാന ആർഎസ്എസ് പ്രചാരകന്മാർക്കാർക്കും ഈ പദവിയോട് താൽപ്പര്യമില്ല.
ഈ സാഹചര്യത്തിൽ കേരളത്തിന് പുറത്ത് സജീവമായ ജയകുമാറിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് റിപോർട്ടുകൾ. തിരുവനന്തപുരത്തുകാരനായ ജയകുമാറിനും പദവിയിലെ പ്രശ്‌നങ്ങളെ കുറിച്ച് നന്നായി അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ മാത്രം പ്രതികരിക്കാനാണ് തീരുമാനം. നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപി.യുടെ പരാജയകാരണങ്ങൾ നിരത്തി നേതാക്കളുടെ പഠനറിപ്പോർട്ട് അതീവ ഗൗരവ സ്വഭാവമുള്ളതാണ്. വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എം ടി.രമേശ്, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി.സുധീർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുസംഘമായിട്ടായിരുന്നു പഠനം.
ബി.ഡി.ജെ.എസിൽനിന്ന് കാര്യമായ ഗുണംകിട്ടിയില്ല, അമിത ആത്മവിശ്വാസം ദോഷം ചെയ്തു, കഴക്കൂട്ടത്തെ സ്ഥാനാർത്ഥിത്വപ്രശ്നം തിരിച്ചടിയായി എന്നുതുടങ്ങി ഒട്ടേറെ കാരണങ്ങളാണ് റിപ്പോർട്ടുകളിൽ എടുത്തുപറയുന്നത്. സുരേഷ് ഗോപിക്കൊപ്പം എല്ലാ വിഭാഗത്തേയും കൂടെ കൂട്ടാനാകുന്ന പല മുഖങ്ങളിലേക്കും ചർച്ചകൾ അധ്യക്ഷ പദവിയിൽ നീളുന്നുണ്ട്.
Post Your Comments