Latest NewsKeralaIndia

സംസ്ഥാനത്തു ബിജെപിയുടെ പരാജയം പഠിച്ചു റിപ്പോർട്ട് നൽകാൻ സുരേഷ് ഗോപിക്ക് കേന്ദ്രനിർദ്ദേശം

ബിജെപിക്ക് തീര്‍ത്തും പുതിയ മുഖം വരും എന്നതിന്റെ സന്ദേശം കൂടിയാണ് ഇതെന്ന് സൂചനയുണ്ട്. 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട പരാജയത്തെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭാ എം പി സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദേശം. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാകുമെന്നാണ് വിവരം. ഇടപെടലുകള്‍ക്ക് നിയോഗിക്കപ്പെട്ടവരെല്ലാം ഗ്രൂപ്പുകളുടെ ഭാഗമല്ലാത്ത പുതുമുഖങ്ങളാണ്.

ഇവരെല്ലാം ബിജെപിയില്‍ എത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമാണ്. ബിജെപിക്ക് തീര്‍ത്തും പുതിയ മുഖം വരും എന്നതിന്റെ സന്ദേശം കൂടിയാണ് ഇതെന്ന് സൂചനയുണ്ട്. കേരളത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ തിരഞ്ഞെടുപ്പു ഫണ്ട് ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 2 ദിവസത്തെ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം കേരളത്തിലെ കാര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണു സൂചന.

അതേസമയം കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ വിരമിച്ച ഐഎഎസുകാരനായ സിവി ആനന്ദ ബോസിനെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിയോഗിച്ചിരുന്നു. സ്ഥിതി ഗുരുതരമാണെന്ന റിപ്പോര്‍ട്ടാണ് സിവി ആനന്ദബോസ് നല്‍കിയത്. ഇലക്ഷന്‍ കോഴയില്‍ വിശദമായ അന്വേഷണം ബിജെപി കേന്ദ്ര നേതൃത്വവും നടത്തും.

ഇതിന് വേണ്ടി മൂന്നംഗ സമിതിയേയും നിയോഗിച്ചു. ഇ ശ്രീധരന്‍, സിവി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇവര്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമാകും കേരളത്തില്‍ സമഗ്ര ഇടപെടല്‍ കേന്ദ്ര നേതൃത്വം നടത്തുക എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button