ബഹ്രൈച്ച് : സ്വന്തം വീടിനു മുന്നിലെ റോഡരികിൽ രാത്രി ഒന്ന് മൂത്രമൊഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു യുപിയിലെ ബഹ്രൈച്ച് ജില്ലയിലെ യുവാവ്. ഇങ്ങനെ പരസ്യമായി മൂത്രമൊഴിച്ചു എന്നും പറഞ്ഞുകൊണ്ട് അയൽക്കാരുമായി ആരംഭിച്ച വഴക്ക് അവസാനിച്ചത് കൊലപാതകത്തിലായിരുന്നു.
ബഹ്രൈച്ച് ജില്ലയിലെ റിസിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖൈറി ദിഖോലി എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഇവിടെ താമസമുള്ള സുഹേൽ എന്ന 22 വയസ്സുകാരനാണ് ഇങ്ങനെ ഒരു ദുർവിധി ഉണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. റാം മൂർത്ത്, ആത്മാ രാം, രാം പാൽ, സ്‌നേഹി, മഞ്ജീത് എന്നിങ്ങനെ ചില അയൽക്കാർ ഇതിന്റെ പേരിൽ വലിയ വടികളും കൊണ്ടുവന്ന് വിഷ്ണുവിനെ വളഞ്ഞിട്ടു പൊതിരെ തല്ലുകയുണ്ടായി. വടികൊണ്ട് തലക്ക് അടിയേറ്റ സുഹേലിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റു.
യുവാവിന്റെ നിലവിളി കേട്ട് ഓടിവന്ന ബന്ധുക്കൾക്കും ഈ അക്രമികളുടെ മർദ്ദനമേറ്റു. ഒടുവിൽ ഭീതിനിറഞ്ഞ ഒരു സാഹചര്യം പ്രദേശത്ത് സൃഷ്‌ടിച്ച ശേഷം അക്രമികൾ സ്ഥലംവിടുകയായിരുന്നു ഉണ്ടായത്. പരിക്കേറ്റു ചോരയൊലിപ്പിച്ചു കിടന്ന സുഹേലിനെ ബന്ധുക്കൾ ഉടനടി ആശുപത്രിയിൽ എത്തിച്ചു എങ്കിലും, ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. സുഹേലിനെ ആക്രമിച്ച മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തുകഴിഞ്ഞു എന്ന് ഹിന്ദുസ്ഥാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments