ജയ്പൂര്‍ :സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ അധിക സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍ ആരക്ഷണ്‍ സംഘര്‍ഷ് സമിതി രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ആഹ്വാനം ചെയ്ത പ്രക്ഷോഭം ശക്തം. ഭരത്പൂരില്‍ പ്രതിഷേധക്കാര്‍ തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തി. റെയില്‍ പാളങ്ങള്‍ പ്രതിഷേധക്കാര്‍ കയ്യടക്കിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഏഴ് തീവണ്ടികള്‍ വഴിതിരിച്ചു വിട്ടു. സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പ്രത്യേക വിഭാഗമായി കണക്കാക്കി സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സംഘടന സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചത്.
പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹി-മുംബൈ പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തീവണ്ടി ഗതാഗതത്തിന് പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജസ്ഥാനിലെ ചില ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഇതിന് പുറമേ ഭരത്പൂര്‍, ദോല്‍പൂര്‍,സാവായ് മധോപൂര്‍, ദൗസ, ടോങ്ക്, ബുന്ദി, ജാല്‍വാര്‍, കരൗലി എന്നീ ജില്ലകളില്‍ ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബന്യാന- ഹിന്ദൗന്‍ പാതയില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഹസ്രത് നിസാമുദ്ദീന്‍ – കോട്ട, ബാന്ദ്ര ടെര്‍മിനസ്- മുസാഫര്‍പൂര്‍, കോട്ട- ഡെറാഡൂണ്‍, ഇന്‍ഡോര്‍- ഹസ്രത് നിസാമുദ്ദീന്‍, ഹസ്രത് നിസാമുദ്ദീന്‍- ഇന്‍ഡോര്‍, ഹസ്രത് നിസാമുദ്ദീന്‍ – ഉദയ്പൂര്‍, ഉദയ്പൂര്‍- ഹസ്രത് നിസാമുദ്ദീന്‍ എന്നീ തീവണ്ടികളാണ് വഴിതിരിച്ച് വിട്ടത്.
Post Your Comments