Latest NewsIndia

രാജസ്ഥാനിൽ സർക്കാരിന്‍റെ ആരോഗ്യ പദ്ധതിയില്‍ തിമിര ശസ്ത്രക്രിയ കഴിഞ്ഞ 18 പേരുടെ കാഴ്ച്ച നഷ്ടമായി

ജയ്പൂര്‍: തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗികളുടെ കാഴ്ച്ച നഷ്ടമായി. രാജസ്ഥാനിലെ സവായ് മാൻ സിംഗ് (എസ്എംഎസ്) എന്ന സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ പതിനെട്ട് പേരുടെ കാഴ്ചയാണ് നഷ്ടമായത്. കഴിഞ്ഞ മാസമാണ് ഇവർക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് പിന്നാലെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടുകയായിരുന്നു. സർക്കാർ ആശുപത്രിക്കെതിരെ രോഗികളും ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

രാജസ്ഥാൻ സർക്കാരിന്‍റെ ചിരഞ്ജീവി ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ചില രോഗികള്‍ കടുത്ത വേദന അനുഭവപ്പെട്ടുവെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് അവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗികളെ വീണ്ടും ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കിയിട്ടും അവർക്ക്‌ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ‘ഒരു കണ്ണില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. വേദനയും കണ്ണിൽ നിന്ന് നീരൊഴുക്കും. ഇത് അണുബാധയാണെന്നും സാവധാനം ശരിയാകുമെന്നും ഡോക്ടർ പറഞ്ഞു,’ രോഗിയായ ചന്ദാ ദേവി പറഞ്ഞു.

രോഗികളുടെ ബന്ധുക്കളിൽ പലരും ജീവനക്കാരുടെ വീഴ്ചയാണെന്നും വേദനയുണ്ടെങ്കിലും രോഗികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറഞ്ഞുവെന്നും ആരോപിച്ചു.’ജൂൺ 23 നാണ് ഓപ്പറേഷൻ നടന്നത്. വ്യക്തമല്ലെങ്കിലും കാഴ്ചയുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല,’ രാം ഭജൻ എന്ന രോഗി പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളെ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ‘ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. അന്വേഷണം നടക്കുന്നുണ്ട്,’ എസ്എംഎസ് ഹോസ്പിറ്റലിലെ ഒപ്താൽമോളജി വിഭാഗം എച്ച്ഒഡി ഡോ.പങ്കജ് ശർമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button