കൊച്ചി: സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണിൽ വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചിത്രവും മറ്റു ചില പ്രതികളുടെ പക്കൽ നിന്നും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയതായി അന്വേഷണ സംഘം എൻഐഎ കോടതിയിൽ അറിയിച്ചു.
പ്രതി കെ.ടി. റമീസിനു ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായുള്ള (ഡി കമ്പനി) ബന്ധത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഡി കമ്പനി ടാൻസനിയ കേന്ദ്രീകരിച്ചു സ്വർണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്തു നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്.
റമീസും മറ്റൊരു പ്രതി കെ.ടി. ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാൻസനിയ യാത്രയുമായി ബന്ധപ്പെട്ട് ഗുരുതര തെളിവുകൾ ലഭിച്ചിട്ടുണ്ട്. ടാൻസനിയയിലെ താവളത്തിൽ തോക്കുമായി നിൽക്കുന്ന റമീസിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രത്ന വ്യാപാര ഡീലർഷിപ്പിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന റമീസിന്റെ മൊഴിയും കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
സ്വർണക്കടത്തു കേസിലെ 10 പ്രതികളുടെ ജാമ്യ ഹർജികളുടെ വാദത്തിലാണ് എൻഐഎ അഭിഭാഷകൻ ഇക്കാര്യങ്ങൾ പറഞ്ഞത്. വാദം ഇന്നും തുടരും. സ്വപ്നയുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.
Post Your Comments