KeralaLatest NewsNews

തെലങ്കാന ടണല്‍ ദുരന്തത്തില്‍ കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഹൈദരാബാദ്: തെലങ്കാന ടണല്‍ ദുരന്തത്തില്‍ കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കേരളാ പൊലീസിന്റെ മായ, മര്‍ഫി എന്നീ കഡാവര്‍ നായ്ക്കളാണ് മൃതദേഹമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ബോറിംഗ് മെഷിന്റെ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.മുന്നൂറോളം പേരടങ്ങുന്ന 11 സേനകളുടെ സംഘം സംയുക്തമായി നടത്തിയ തെലങ്കാനയിലെ ടണല്‍ രക്ഷാദൗത്യത്തില്‍ നിര്‍ണായകമാകുന്നത് കേരളാ പൊലീസിന്റെ അഭിമാനമായ മായ, മര്‍ഫി എന്നീ രണ്ട് കഡാവര്‍ നായ്ക്കളുടെ സേവനമാണ്.

Read Also: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാവീഴ്ച; ഗൈനിക്ക് വാര്‍ഡില്‍ കോണ്‍ക്രീറ്റ് ജനല്‍പാളി അടര്‍ന്ന് വീണു

ഇവര്‍ രണ്ട് ദിവസം മുന്‍പ് ചൂണ്ടിക്കാണിച്ച രണ്ട് സ്‌പോട്ടുകളില്‍ ഒന്നില്‍ നിന്നാണിപ്പോള്‍ 16-ാം ദിനം ഒരു മൃതദേഹം കിട്ടിയിരിക്കുന്നത്. തകര്‍ന്നടിഞ്ഞ ബോറിംഗ് മെഷീനുള്ളില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. ആരുടേതെന്ന് തിരിച്ചറിയാനാവുന്ന സ്ഥിതിയിലല്ല. കൈയ്യും മറ്റ് ചില ശരീരഭാഗങ്ങളും മാത്രമാണ് ബാക്കി. ബോറിംഗ് മെഷീന്‍ പതിയെ മുറിച്ച് മാറ്റിയാണ് മൃതദേഹം പുറത്തെടുക്കുക. ഫെബ്രുവരി 23-ന് നാഗര്‍കുര്‍ണൂലിലെ ടണല്‍ ഇടിഞ്ഞ് വീണ് എട്ട് പേരാണ് കുടുങ്ങിയത്. ചെളിയും വെള്ളക്കെട്ടും പാറക്കല്ലുകളും തകര്‍ന്ന യന്ത്രാവശിഷ്ടങ്ങളും കടന്ന്, എളുപ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാകുന്ന സ്ഥിതിയായിരുന്നില്ല ടണലിനകത്ത്.

കൂടുതല്‍ മണ്ണും പാറയും ഇടിയാന്‍ സാധ്യതയെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ശ്രദ്ധാപൂര്‍വമായിരുന്നു രക്ഷാ പ്രവര്‍ത്തനം. റോബോട്ടിക്, എന്‍ഡോസ്‌കോപ്പിക് ക്യാമറകളടക്കം വിന്യസിച്ച് നടത്തിയ ആദ്യഘട്ട തെരച്ചിലില്‍ ഫലമുണ്ടായില്ല. പിന്നീട് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകള്‍ ചിലയിടത്ത് മനുഷ്യശരീരമെന്ന് കരുതുന്ന വസ്തുക്കളുണ്ടെന്ന് കണ്ടെത്തി. അവിടേക്കും പരിശോധനയ്ക്കായി കടക്കാന്‍ കഴിയുമായിരുന്നില്ല.

ഒടുവിലാണ് വയനാട് ദുരന്തത്തിലടക്കം രക്ഷാദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മായയെയും മര്‍ഫിയെയും മാര്‍ച്ച് ആറാം തീയതിയോടെ നാഗര്‍കുര്‍ണൂലിലെത്തിച്ചത്. പരിശോധനയുടെ രണ്ടാം ദിനം തന്നെ അവര്‍ മൃതദേഹമുണ്ടെന്ന് സൂചിപ്പിക്കുന്ന രണ്ട് സ്‌പോട്ടുകള്‍ ചൂണ്ടിക്കാണിച്ച് നല്‍കി. അതിലൊന്നില്‍ ജാഗ്രതയോടെ നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ഒരു മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. മായയെയും മര്‍ഫിയെയും ഉപയോഗിച്ച് കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് ഒരുങ്ങുകയാണിപ്പോള്‍ നാഗര്‍ കുര്‍ണൂലിലെ രക്ഷാദൗത്യസംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button