ചെന്നൈ : തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എടപ്പാടി പളനിസ്വാമി- പനിര്‍സെല്‍വം തര്‍ക്കം കാരണം നീണ്ടു നിന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. എടപ്പാടി പളനിസ്വാമി തന്നെയായിരിക്കും എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുതല്‍ ഇരുകൂട്ടരും സ്ഥാനാര്‍ത്ഥിയാകുന്ന തര്‍ക്കം രൂക്ഷമായിരുന്നു. ഇതിനൊടുവിലാണ് മുതിര്‍ന്ന മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയത്. ഒ.പനീര്‍സെല്‍വമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും 11 അംഗ മാര്‍ഗ നിര്‍ദേശക സമിതിയെയും പ്രഖ്യാപിച്ചത്.
പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം എടപ്പാടി കെ. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയെന്ന തീരുമാനത്തിനു ഒപിഎസ് വഴങ്ങിയതോടെയാണ് പാര്‍ട്ടിയിലെ പ്രതിസന്ധിക്കു അയവു വന്നത്. അതിനായി ഒപിഎസ് മുന്നോട്ടുവച്ചു 11 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരണമാണു പിന്നീട് ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇപിഎസ് വിഭാഗത്തിനു 6, ഒപിഎസിനു 5 എന്നിങ്ങനെയായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നാണു വിവരം. സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇടം ലഭിക്കാത്ത നേതാക്കളെ ഉള്‍പ്പെടുത്തി വിവിധ തിരഞ്ഞെടുപ്പു സമിതികളും പ്രഖ്യാപിച്ചേക്കും.
അതേസമയം വി.കെ.ശശികല ജയില്‍ മോചിതയായി തിരിച്ചുവരുമ്പോള്‍ അവരോട് സ്വീകരിക്കേണ്ട സമീപനവും ചര്‍ച്ചയായി. ശശികലയെ അണ്ണാഡിഎംകെയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ബിജെപി അണിയറയില്‍ ശ്രമം നടത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ്, മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം ഡിഎംകെയെ സഹായിക്കുകയേ ഉള്ളൂ എന്ന മുന്നറിയിപ്പ് സമവായത്തിനായി ഓടി നടന്ന എല്ലാ മന്ത്രിമാരും ഇരുപക്ഷത്തിനും നല്‍കിയിരുന്നു. ഇതിന് പിന്നാലെ, ഒന്നിച്ചുനിന്നില്ലെങ്കില്‍ ഒരു പിന്തുണയും കിട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പ് ബിജെപിയും നല്‍കിയെന്നാണ് സൂചന.
Post Your Comments