
ചെന്നൈ: നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ ‘മുട്ട ക്യാമ്പയ്നെതിരെ എഐഎഡിഎംകെ രംഗത്ത്. സ്റ്റാലിന്റെ മുട്ട കാമ്പെയ്നെ നാടകമെന്നാണ് എഐഎഡിഎംകെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ സി വിജയഭാസ്‌കര്‍ പറഞ്ഞു.
നീറ്റിനെതിരെ 50 ദിവസത്തിനുള്ളില്‍ 50 ലക്ഷം ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള നടപടി ഭരണകക്ഷിയായ ഡിഎംകെ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ക്യാമ്പയ്‌ന്റെ ഭാഗമായി ഒപ്പ് നല്‍കി. പിജി മെഡിക്കല്‍ സീറ്റ് ലഭിക്കാന്‍ നീറ്റില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയാല്‍ മതിയെന്ന് പറഞ്ഞ മന്ത്രി ഉദയനിധി സ്റ്റാലിന്‍, നീറ്റ് എന്ന് എഴുതിയ മുട്ട കയ്യില്‍ പിടിച്ചാണ് പ്രതിഷേധമറിയിച്ചത്.
‘ഞങ്ങള്‍ നീറ്റിന് എതിരാണ്, രണ്ടാമതൊരു ചിന്തയുമില്ല. എന്നാല്‍ 2012ല്‍ കോണ്‍ഗ്രസ് നീറ്റ് കൊണ്ടുവന്നപ്പോഴും വിജ്ഞാപനം വന്ന സമയത്തും ഡിഎംകെ അവരുമായി സഖ്യത്തിലായിരുന്നു. അവര്‍ ഇപ്പോള്‍ നിറ്റിനെതിരെ ക്യാമ്പയ്ന്‍ നടത്തുകയാണ്. അധികാരത്തിലെത്തിയാല്‍ നീറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉറപ്പ് നല്‍കിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നാടകമാണ്, ‘ വിജയഭാസ്‌കര്‍ പറഞ്ഞു.
‘നിയമ പോരാട്ടത്തിലൂടെയും പാര്‍ലമെന്റില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെയും മാത്രമേ ഞങ്ങള്‍ക്ക് ഇതിനെ നേരിടാന്‍ കഴിയൂ. നമുക്ക് പാര്‍ലമെന്റില്‍ പോരാട്ടം നടത്തണം. ഇപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സഹതാപം നേടാനാണ് ഡിഎംകെ ഈ തന്ത്രം സൃഷ്ടിച്ചത്,’ വിജയഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments