പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ മാസ്‌ക് ധരിച്ചുള്ള മല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ശ്വാസംമുട്ടലുള്ളവർക്ക് ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തുലാമാസ പൂജകൾക്ക് തീർഥാടകരെ പരീക്ഷാണാടിസ്ഥാനത്തിൽ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഭക്തർക്ക് സാധാരണ നീലിമല കയറുമ്പോൾ പോലും ശ്വാസം എടുക്കുന്നതിൽ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. മാസ്‌ക് ധരിച്ച് മല കേറുമ്പോൾ ബുദ്ധിമുട്ട് ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്.
പൂർണ ആരോഗ്യവാനായ ഒരാൾക്ക് പോലും മാസ്‌ക് ധരിച്ച് 25 മീറ്റർ മാത്രമെ മലകയറാനാകു. ഏതെങ്കിലും ഭക്തർക്ക് ഹൃദയാഘാതമുണ്ടായാലും പുതിയ സാഹചര്യത്തിൽ ആശുപത്രികളിലെത്തിക്കുന്നതും വെല്ലുവിളിയാണ്. വേഗത്തിൽ നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്ക് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ദർ നൽകുന്ന നിർദേശം. ഈ പ്രതിസന്ധികൾ ഭക്തർ എങ്ങനെ മറികടക്കുമെന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.
Post Your Comments