
തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ബി.ജെ.പി നിലപാട് ശരിവെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ട് ശരി വയ്ക്കുന്നതായും മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടമറിക്കാനുള്ള സർക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് തീവെപ്പിന് പിന്നിലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. തീവെപ്പിന് ഒരുമാസം മുമ്പ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടറിയേറ്റിൽ തീപ്പിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇടിമിന്നലിൽ തകർന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ സാധൂകരിക്കുന്ന ഒരു കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സർക്കുലറും. അഗ്നിബാധ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സർക്കാരാണോ പിണറായി വിജയന്റേതെന്ന് അന്നേ ബി.ജെ.പി ചോദിച്ചിരുന്നതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡീഷണൽ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാൻ സാധിക്കുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണ്ണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് ഇവിടെ തീവെച്ചത്. ഈ കാര്യങ്ങളെല്ലാം എൻ.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി എന്തിനാണ് സെക്രട്ടറിയേറ്റിൽ നിന്നും മാദ്ധ്യമങ്ങളെ ഓടിച്ചതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി കഴിഞ്ഞു. സത്യം തുറന്ന് പറഞ്ഞ തനിക്കും മാദ്ധ്യമങ്ങൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇവിടെയും പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല.
തീപ്പിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Post Your Comments