Latest NewsKeralaNews

മുഖ്യമന്ത്രി എന്നും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കുതിരകയറുകയാണ് ചെയ്യുന്നത്, സംസ്ഥാന ചരിത്രത്തില്‍ ഒരു ഭരണാധികാരിയും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ല; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന്‌ ജനങ്ങള്‍ മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിയെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴും നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് പിണറായി പറഞ്ഞത്. ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പറഞ്ഞ വി.എസിനെതിരെയും അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നുവെന്നും ചെന്നിത്തല വിമർശിച്ചു.

ഇതിനിടെ ലൈഫ്മിഷന്‍ ഇടപാടിന്റെ ധാരണാപത്രം ഇന്നലെ രാത്രി തനിക്ക് ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി താന്‍ രാജിവെക്കുകയാണെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണാപത്രത്തിന്റെ കോപ്പി ഇന്നലെ രാത്രിയോടെ ചെന്നിത്തലക്ക് ലഭിച്ചത്.

Read Also :  സ്പ്രിംക്ലർ ഇനി വേണ്ട; സോഫ്റ്റ്‍‍വെയര്‍ ഉപേക്ഷിച്ച് സംസ്ഥാനം

ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മം എന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. പത്ര സമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് സ്വാഭാവികമാണ്. മുഖ്യമന്ത്രി എന്നും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കുതിരകയറുകയാണ് ചെയ്തിട്ടുള്ളത്. സംസ്ഥാന ചരിത്രത്തില്‍ ഒരു ഭരണാധികാരിയും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button