ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി പുകയുന്നു. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലും (എല്‍എസി) അക്‌സായ് പ്രദേശത്തും ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും പുറമെ അമ്പതിനായിരത്തോളം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനികരെ വിന്യസിച്ചിരിക്കുന്നത് യുദ്ധ തന്ത്രങ്ങളിലും ആസൂത്രണങ്ങളിലും ചൈനീസ് സൈന്യത്തിലെ റഷ്യന്‍ സ്വാധീനമാണ് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയുടെ യുദ്ധപദ്ധതികളെ സംബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുകയാണെങ്കില്‍, ഒരേസമയം പീരങ്കികളും മിസൈലുകളും ഉപയോഗിക്കുകയും സൈനികര്‍ നേരിട്ട് ആക്രമണം നടത്തുകയും ചെയ്യാനാണ് സാധ്യതയെന്ന് ഐഎഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതു പഴയ സോവിയറ്റ് രീതിയാണ്. എല്‍എസിയില്‍നിന്ന് 320 കിലോമീറ്റര്‍ അകലെയുള്ള ഹോതന്‍ വ്യോമത്താവളം കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് സാധ്യത. കരമാര്‍ഗം യുദ്ധംചെയ്യുന്നതിന് ഇന്ത്യന്‍ സൈനികരെ പ്രേരിപ്പിക്കുന്നതായിരിക്കും ഭാവിയിലെ യുദ്ധങ്ങളെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. വ്യോമമാര്‍ഗമുള്ള ചൈനയുടെ ഏതുനീക്കവും തടയാനുള്ള കരുത്ത് ഐഎഎഫിനുണ്ട്.
വ്യോമത്താവളങ്ങളും യഥാര്‍ഥ നിയന്ത്രണ രേഖയും തമ്മിലുള്ള ദൂരം കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ ആക്രമണം ചൈനയുടെ വ്യോമസേനയുടെ ആക്രമണത്തേക്കാള്‍ വളരെ വേഗത്തിലായിരിക്കും. പ്രതിരോധ മിസൈലുകള്‍ വിക്ഷേപിച്ചു കഴിഞ്ഞാല്‍ ടിബറ്റന്‍ മരുഭൂമികളില്‍ കൂടി അവ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തും. എല്‍എസിയില്‍ പിഎല്‍എ സൈനികര്‍ തമ്പടിച്ചിരിക്കുകയാണെങ്കിലും മലനിരകളില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് മുതിര്‍ന്നാല്‍ ലഡാക്കിലേത് പോലെ കാര്യങ്ങള്‍ എളുപ്പമാകില്ല. അതീവകരുതലോടെ നിലയുറപ്പിച്ചിരിക്കുന്ന ശത്രുവിനെ വ്യോമമാര്‍ഗം ആക്രമിക്കുക ഏളുപ്പമായിരിക്കുമെന്ന് 1999ലെ കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ സൈന്യത്തെ പഠിപ്പിച്ചിട്ടുണ്ട്.
Post Your Comments