കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ ചോദ്യം ചെയ്യലിനായി എത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ തലേ ദിവസം താമസിച്ചത് വിവാദ വ്യവസായിയുടെ വീട്ടില്‍. കള്ളനോട്ടു കേസിലടക്കം പ്രതിയായ ഒരാളുടെ വീട്ടിലാണ് മറ്റൊരു വിവാദ കേസില്‍ ചോദ്യം ചെയ്യലിന് പോകും മുമ്പ് ജലീല്‍ താമസിച്ചത്. ഇയാളുടെ വാഹനത്തിലാണ് ജലീല്‍ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി പോയതും.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നോട്ടപ്പുള്ളിയും ചില കേസുകളിലെ പ്രതിയുമാണ് മന്ത്രി കെടി ജലീലിന്റെ സുഹൃത്തായ അരൂര്‍ സ്വദേശിയായ വ്യവസായി. നേരത്തെ കള്ളനോട്ടു കേസില്‍ പ്രതിയായ ഇയാളുടെ അടുത്ത് തന്നെ മന്ത്രി ചോദ്യം ചെയ്യലിന് പോകും മുമ്പ് എത്തിയതാണ് ഇപ്പോള്‍ വിവാദം.ഇന്നു രാവിലെ എട്ടരയോടെ ഔദ്യോഗിക വാഹനം അരൂരിലെ സുഹൃത്തിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്ത് സുഹൃത്തിന്റെ ചെറിയ കാറിലായിരുന്നു മന്ത്രി കെടി ജലീല്‍ ഇഡി ഓഫീസില്‍ എത്തിയത്.
മന്ത്രിക്കൊപ്പം മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. മന്ത്രി ചോദ്യം ചെയ്യലിന് വിധേയമായപ്പോള്‍ കൂടെ വന്നവര്‍ കാത്തു നിന്നു.നയതന്ത്ര പാഴ്‌സസിലില്‍ എത്തിയ ഖുറാന്‍ എവിടെയൊക്കെ കൊണ്ടുപോയി എന്ന വിവരം ഇഡി ചോദിച്ചെങ്കിലും ജലീലിന്റെ മറുപടി വ്യക്തതയില്ലാത്തതായിരുന്നു. പാഴ്‌സലില്‍ സ്വര്‍ണവും വന്നുവെന്നാണ് ഇഡിയുടെ നിഗമനം.
മന്ത്രി കെടി ജലീല്‍ ഇന്നു പറഞ്ഞ പലകാര്യത്തിലും പ്രഥമദൃഷ്ട്യാ പൊരുത്തക്കേടുണ്ട്. അടുത്തയാഴ്ച വീണ്ടും ജലീലിനെ വിളിപ്പിക്കാനാണ് ഇഡി തീരുമാനിച്ചിട്ടുള്ളത്. അതിനിടെ ജലീലിനെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചോദ്യം ചെയ്യുമെന്നു എന്‍ഐഎ വൃത്തങ്ങളും സൂചിപ്പിച്ചു.
ചോദ്യം ചെയ്യലിന് ശേഷം രണ്ടരയോടെ ആലുവായിലെത്തി മറ്റൊരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് മന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. പിന്നീട് അരൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഔദ്യോഗിക വാഹനം വരുത്തി ജലീല്‍ മലപ്പുറത്തേക്ക് മടങ്ങി. വിവാദ വ്യവസായിയുടെ വാഹനത്തിൽ വന്നതും ഇപ്പോൾ സിപിഎമ്മിന് തലവേദനയായിട്ടുണ്ട്.
Post Your Comments