KeralaLatest NewsIndia

‘നിസ്സഹായരായി യുപിയിലെ ഒരു കുടിലിൽ ഇരിക്കുന്ന ഒരമ്മയേയും രണ്ട് പിഞ്ചു പെൺ കുഞ്ഞുങ്ങളേയും ഞാൻ മനസ്സിൽ കണ്ടു, വീട് പട്ടിണിയാവാതിരിക്കാൻ രാവും പകലും അധ്വാനിക്കുന്നതിനിടയിൽ തന്നെ ബാധിച്ച പനി ഗൗനിക്കാതെ സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിക്കഴിച്ച കൗമാരക്കാരൻ , ഒടുവിൽ വെന്റിലേറ്ററിൽ ..’ കെ കെ ഷാജു എഴുതുന്നു

രോഗിയുടെ നില അതീവ ഗുരുതരമാണ്. അദ്ദേഹത്തിന്റെ ശരീരം മുഴുവൻ ഇൻഫെക്ഷൻ ബാധിച്ചിരിക്കുന്നു. രോഗി ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണ്.

അന്യ സംസ്ഥാന തൊഴിലാളികളെ മലയാളികൾ ഇപ്പോഴും അധികം വിശ്വസിച്ചിട്ടില്ല. അതിന്റെ കാരണം ഇവരിൽ ചിലരെങ്കിലും ചെയ്യുന്ന അതിക്രമങ്ങളും ക്രൂരതയും തന്നെയാണ്. എന്നാൽ ഇവരിൽ ഒട്ടേറെപ്പേർ നിഷ്കളങ്കരും നിസ്സഹായരും ആയ സാധാരണക്കാരാണ്. അത്തരത്തിലൊരു കൗമാരക്കാരനുണ്ടായ അനുഭവം തുറന്നെഴുതുകയാണ് കെ കെ ഷാജു എന്ന സാമൂഹ്യ പ്രവർത്തകൻ. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രഭാതത്തിൽ സുഹൃത്ത് സുനിലിന്റെ ഒരു ഫോൺ കോൾ എന്റെ ഫോണിലേക്ക് വന്നു. ഫോൺ എടുത്ത എന്നോട് സുനിലിന്റെ ആദ്യത്തെ ചോദ്യം ഷാജുവേട്ടൻ വീട്ടിലുണ്ടോ എന്നായിരുന്നു. വീട്ടിലുണ്ടെന്ന എന്റെ മറുപടിക്ക് പുറകെ സുനിൽ പറഞ്ഞു. എങ്കിൽ ഷാജുവേട്ടൻ എവിടേയും പോകരുത്. ഞാൻ ഉടനെ വീട്ടിലെത്താം. എന്ത് പറ്റി എന്ന ആകാംക്ഷയോടെയുള്ള എന്റെ ചോദ്യത്തിന് സുനിൽ മറുപടി പറഞ്ഞു. ഒരാഴ്ച മുമ്പ് സുനിലിന്റെ കീഴിൽ ഫർണിച്ചർ പണിക്ക് വന്ന യുപിക്കാരായ മൂന്ന് ചെറുക്കാരിൽ ഒരാൾക്ക് നാലഞ്ച് ദിവസമായി നല്ല പനിയുണ്ട് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകണം.

അവർക്ക് മലയാളം അറിയില്ല. സുനിലിന് ഹിന്ദിയും. അതുകൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഷാജുവേട്ടനും കൂടെ വരണം സുനിൽ പറഞ്ഞു. ഞാനുടനെ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സുനിലിന്റെ കാർ വീട്ടിലെത്തി. കാറിൽ മൂന്ന് ചെറുപ്പക്കാരുണ്ട്. എല്ലാവരും ഇരുപത് വയസിൽ താഴെ പ്രായമുള്ളവർ. അവരിൽ ആരാണ് രോഗി എന്ന് എനിക്ക് മനസിലായില്ല. എല്ലാവരും നല്ല ഉന്മേഷത്തോടെയാണ് ഇരിക്കുന്നത്. സുനിൽ മൂന്ന് പേരേയും എനിക്ക് പരിചയപ്പെടുത്തി.

യാസിൻ, ഗിരീഷ് ഗുപ്ത, നീരജ് ഗുപ്ത. മൂന്ന് പേരും നാട്ടിൽ അയൽവാസികളാണ്. നീരജ് ഗുപ്തയാണ് രോഗി. കാർ ചാലക്കുടിയിലെ ഒരു ആശുപത്രിയിൽ എത്തി. ഡോക്ടറെ കണ്ടു. നീരജിന് നല്ല പനിയുണ്ട്. ബിപി കുറവാണ്. രോഗിയെ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ നിർദേശിച്ചു. ആശുപത്രിയിൽ എന്റെ ആവശ്യം കഴിഞ്ഞപ്പോൾ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞ് ടൗണിലേക്ക് പോയി. ഒരു നാലുമണി കഴിഞ്ഞ് കാണും വീണ്ടും സുനിലിന്റെ ഫോൺ വന്നു. നീരജിന്റെ പനി കുറഞ്ഞിട്ടില്ല. ബിപി വീണ്ടും കുറഞ്ഞിരിക്കുന്നു. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനാണ് ഡോക്ടറുടെ നിർദേശം.

ഞാൻ ഉടനെ ആശുപത്രിയിലെത്തി. ചാലക്കുടിയിൽ തന്നെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റി. ഞാൻ തിരിച്ച് പോന്നു. പിറ്റേന്ന് രാവിലെ സുനിൽ വീണ്ടും വിളിച്ചു. ഷാജുവേട്ടൻ ആശുപത്രിയിലേക്ക് ഒന്ന് പോകണം. എനിക്ക് അത്യാവശ്യമായി കുറിച്ച് പണികൾ ചെയ്ത് തീർക്കാനുണ്ട്. ഉച്ചയാകുമ്പോഴേക്കും ഞാൻ എത്താം. ഷാജുവേട്ടൻ പോയി അവർക്ക് മരുന്നോ മറ്റോ ആവശ്യമുണ്ടെങ്കിൽ വാങ്ങി കൊടുക്കണം. ഞാൻ ആശുപത്രിയിൽ എത്തുമ്പോൾ നീരജ് കട്ടിലിൽ എഴുന്നേറ്റിരുന്ന് ഒരു ദോശ കഴിക്കാനുള്ള ശ്രമത്തിലാണ്.

നീരജ് ഒന്നും കഴിക്കുന്നില്ല എന്ന് കൂടെയുള്ളവർ കുറ്റപ്പെടുത്തി. ഒന്നും കഴിക്കാൻ തോന്നുന്നില്ലെന്നും എഴുന്നേറ്റ് ഇരിക്കുമ്പോൾ ചുമക്കുന്നു എന്നും നീരജ് സങ്കടം പറഞ്ഞു. ഒരു നഴ്സ് വന്ന് ഭക്ഷണം കഴിക്കാത്തതിന് നീരജിന്റെ ശ്വാസിച്ച് വാങ്ങേണ്ട മരുന്നുകളുടെ കുറിപ്പ് ഏല്പിച്ച് തിരിച്ച് പോയി. ഞാൻ താഴെ പോയി മരുന്നുകൾ വാങ്ങി വന്നു. മരുന്നിന് രണ്ടായിരം രൂപയ്ക്ക് മുകളിൽ വില വന്നു. മരുന്ന് നീരജിന്റെ കൂടെയുള്ളവരെ ഏല്പിച്ച് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കണമെന്നും പറഞ്ഞ് ഞാൻ തിരിച്ച് പോന്നു.

എനിക്കെന്തോ തിരിച്ച് വീട്ടിലേക്ക് പോകാൻ തോന്നിയില്ല. ഞാൻ ചാലക്കുടിയിൽ തന്നെ തങ്ങി. ടൗണിലുള്ള ഒരു സുഹൃത്തിന്റെ കടയിൽ പോയി ഇരുന്നു. ഉച്ചതിരിഞ്ഞ് നാലുമണി കഴിഞ്ഞ് കാണും. ആശുപത്രിയിൽ നിന്നും നേഴ്സിന്റെ ഫോൺ വന്നു. ഉടനെ ആശുപത്രിയിൽ എത്തുക. ഞാൻ ഉടനെ ഒരു റിക്ഷയിൽ കയറി ആശുപത്രിയിലെത്തി. നീരജിന്റെ കൂട്ടുകാർ പേടിച്ചരണ്ട മുഖവുമായി നിൽക്കുന്നു. നീരജ് ഐസിയുവിലാണ്. നേഴ്സ് എന്നെ ഐസിയുവിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാലഞ്ച് ഡോക്ടർമാരും നഴ്സുമാരും അവിടെ കൂടി നിൽക്കുന്നുണ്ട്.

നീരജ് ശാന്തനായി കട്ടിലിൽ കിടക്കുന്നു. നീരജ് എന്നെ നോക്കി പുഞ്ചിരിച്ചു. ഡോക്ടർമാർ എന്റെ അടുത്ത് വന്ന് എന്നോട് സംസാരിച്ചു. രോഗിയുടെ നില അതീവ ഗുരുതരമാണ്. അദ്ദേഹത്തിന്റെ ശരീരം മുഴുവൻ ഇൻഫെക്ഷൻ ബാധിച്ചിരിക്കുന്നു. രോഗി ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുക. ഞാൻ പെട്ടെന്ന് ഒരു ആംബുലൻസ് ഏർപ്പാടാക്കി. രോഗിയെ ആശുപത്രി ജീവനക്കാർ താഴെയിറക്കി. രോഗിക്ക് പ്രത്യേകിച്ച് ബാഹ്യമായ രോഗലക്ഷണങ്ങൾ ഒന്നുമില്ല.

നടന്നാണ് നീരജ് ആംബുലൻസിലേക്ക് കയറിയത്. ആംബുലൻസിൽ കയറിക്കിടന്ന നീരജ് പരിഭ്രമത്തോടെ നാലുപാടും നോക്കി. പിന്നെ എന്നോട് ചോദിച്ചു. മേരാ സേഠ് കഹാം ഹെ? സുനിൽ ഇപ്പോൾ എത്തും. ഞാൻ നീരജിനെ സമാധാനിപ്പിച്ചു. പാവം വല്ലാതെ ഭയന്നിരിക്കുന്നു. അപ്പോഴേക്കും സുനിൽ ഓടിയെത്തി. ആംബുലൻസ് പുറപ്പെട്ടു. ചാലക്കുടിയിൽ നിന്ന് മുപ്പത്തഞ്ച് മിനിറ്റ് കൊണ്ട് ഞങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. ആംബുലൻസിൽ നിന്ന് ഇറങ്ങി നടന്നാണ് നീരജ് ക്യാഷ്വാലിറ്റിലേക്ക് കയറിയത്. ക്യാഷ്വാലിറ്റിയിൽ നല്ല തിരക്കാണ്.

ചാലക്കുടിയിലെ ഡോക്ടർ നൽകിയ കത്ത് ഞാൻ ക്യാഷ്വാലിറ്റിയിലെ ഡൊക്ടർക്ക് കൈമാറി. കത്തിലെ വരികളിലൂടെ കണ്ണോടിച്ച ഡോക്ടർ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു കൊണ്ട് ചോദിച്ചു. പേഷ്യന്റെവിടെ? ഞാൻ രോഗിയെ ചൂണ്ടിക്കാണിച്ചു. എത്രയും പെട്ടെന്ന് രോഗിയെ വെന്റിലേറ്ററിലാക്കാൻ ഡോക്ടർ നഴ്സിന് നിർദേശം നൽകി. നഴ്സും രണ്ട് ആശുപത്രി ജീവനക്കാരും ചേർന്ന് രോഗിയെ വെന്റിലേറ്റർ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി.

രാത്രി എട്ട് മണിയോടെ എന്നേയും സുനിലിനേയും വെന്റിലേറ്റർ റൂമിലേക്ക് ആശുപത്രി ജീവനക്കാരൻ കൂട്ടിക്കൊണ്ടുപോയി. കൈകാലുകൾ തോർത്തുമുണ്ടുകൊണ്ട് കട്ടിലിൽ ബന്ധിച്ച് വെന്റിലേറ്റർ ഘടിപ്പിച്ച ശരീരവുമായി അബോധാവസ്ഥയിൽ നീരജ് കിടക്കുന്നു. എന്റെ മനസാകെ അസ്വസ്ഥമായി. പുറത്തിറങ്ങി മെഡിക്കൽ കോളേജിലെ മരച്ചുവട്ടിൽ ഞങ്ങളിരുന്നു.

പുലർച്ചെ നാലുമണിക്ക് ഞാനും സുനിലും വീട്ടിലേക്ക് പോന്നു. ആശുപത്രിയിൽ സുനിലിന്റെ സഹോദരിയുടെ മകനും നീരജിന്റെ കൂട്ടുകാരും കാവലിരുന്നു. വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറി ഞങ്ങളുടനെ വീണ്ടും ആശുപത്രിയിലെത്തി. രാവിലെ പതിനൊന്ന് മണിയോടെ ഡോക്ടർ ഞങ്ങളെ വിളിച്ച് പറഞ്ഞു. രോഗി രക്ഷപ്പെടാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. അകത്ത് ബ്ലീഡിംഗ് ഉണ്ട്. കൂടിയാൽ ഇന്ന് രാത്രി എട്ടുമണി അതിനുമപ്പുറം പോകില്ല. അറിയിക്കേണ്ടവരെ അറിയിച്ച് കൊള്ളുക.

യുപിയിൽ അയോദ്ധ്യക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് നീരജിന്റെ വീട്. നീരജ് ചെറിയ കുട്ടിയായിരിക്കുമ്പോൾ നീരജിന്റെ അച്ഛൻ മരിച്ചു. നീരജിന് രണ്ട് ചെറിയ സഹോദരിമാർ കൂടിയുണ്ട്. അമ്മയുടെ ഇരുവൃക്കകളും തകരാറിലാണ്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യണം. വളരെ ദരിദ്ര കുടുംബത്തിലെ ഏക ആൺതരിയാണ് നീരജ്. നീരജ് പണിയെടുത്തിട്ടാണ് ആ കുടുംബം ജീവിക്കുന്നത്.

അമ്മയും രണ്ട് ചെറിയ സഹോദരിമാരും കൂടാതെ പ്രായമായ മുത്തച്ചനുമുണ്ട് നീരജിന്റെ വീട്ടിൽ. ആഴ്ചയിൽ രണ്ട് ഡയാലിസിസിനുള്ള പണവും വീട് കഴിയാനുള്ള പണവും മുടങ്ങാതെ നാട്ടിലേക്ക് അയക്കാൻ രാവും പകലും അധ്വാനിക്കുന്നതിനിടയിൽ തന്നെ ബാധിച്ച പനി ഗൗനിക്കാതെ സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിക്കഴിച്ച് വിശ്രമമില്ലാതെ പണിയെടുത്തതാണ് നീരജിനെ ഈ നിലയിലാക്കിയത്.

അറസ്റ്റിലായ അനൂപിൽ നിന്ന് ലഭിച്ച തെളിവിൽ ലഹരി ഇടപാടുള്ളത് എട്ട് മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക്, ബിനീഷുമായി ബന്ധമുള്ള അഞ്ച് രാഷ്ട്രീയക്കാര്‍ നിരീക്ഷണത്തില്‍

ഞാൻ യുപിലേക്ക് വിളിച്ചു. നീരജിന്റെ അമ്മയായിരുന്നു മറുതലക്കൽ. മകന് സുഖമില്ലെന്നും ആശുപത്രിയിൽ ആണെന്നും നീരജിന്റെ കൂട്ടുകാർ ആ അമ്മയെ അറിയിച്ചിട്ടുണ്ട്. ആ അമ്മക്ക് ഹിന്ദി വശമില്ല. യുപിയിലെ ബോലി ഭാഷയായ ഭോജ്പുരിയിലാണ് ആ അമ്മ സംസാരിക്കുന്നത്. അവരുടെ കരച്ചിൽ എന്റെ കാതുകളിൽ വന്നുവീണു. എന്റെ മകനെ കൈവിടരുതെന്നും എങ്ങനെയെങ്കിലും മകനെ രക്ഷിക്കണമെന്നും അപേക്ഷിക്കുകയാണവർ.

അമ്മയുടെ മകന് ഒരാപത്തും വരില്ലെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചു. പിന്നെ ഓരോ മണിക്കൂറിലും ആ അമ്മയുടേയും മുത്തച്ഛന്റേയും ഫോൺ കോളുകൾ വന്നു കൊണ്ടേയിരുന്നു. എങ്ങനെയാണ് ആ അമ്മയുടെ മകനെ രക്ഷിക്കുക.എന്റെ മനസാകെ അസ്വസ്ഥമായി. ഡയാലിസിസ് കൊണ്ട് മാത്രം ജീവൻ നിലനിർത്തുന്ന അമ്മ. അച്ചനില്ലാത്ത പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങൾ…നിസ്സഹായരായി യുപിയിലെ ഒരു കുടിലിൽ ഇരിക്കുന്ന ഒരമ്മയേയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളേയും ഞാൻ മനസ്സിൽ കണ്ടു.

നീരജിന്റെ മൃതദേഹം യുപിയിലേക്ക് കൊണ്ടുപോകുന്നതിനേക്കുറിച്ച് ആലോചിച്ചു. ആംബുലൻസിൽ കൊണ്ടുപോകാൻ ഏകദേശം ഒരു ലക്ഷം രൂപയിലധികം വരും. പണം എങ്ങനെ കണ്ടെത്തും എന്നായി ചിന്ത. ഉച്ചയായപ്പോൾ ഞാൻ സുനിലിനോട് പറഞ്ഞു. നമുക്ക് എങ്ങനെയെങ്കിലും നീരജിനെ രക്ഷിക്കണം. എത്ര പണം വേണ്ടിവന്നാലും പ്രശ്നമില്ല. നല്ലവരായ ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരോട് പറഞ്ഞാൻ അവർ സഹായിക്കും. ആദ്യം നമുക്ക് ഒരു കാര്യം ചെയ്യാം.

ബിനീഷും ജലീലും ഉൾപ്പെടെ ചില രാഷ്ട്രീയ നേതാക്കൾ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പരിധിയില്‍ ഉണ്ടെന്നു സൂചന, ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും

ഇരിങ്ങാലക്കുടയിൽ എന്റെ ഒരു അടുത്ത സുഹൃത്തുണ്ട്. വേദാംഗ ജ്യോതിഷ പരിഷത്തിന്റെ ആചാര്യ സേതുമാധവൻ. നമുക്ക് ഇപ്പോൾ തന്നെ അദേഹത്തിന്റെ അടുത്തേക്ക് പോകാം. ആശുപത്രിയിൽ നീരജിന്റെ കൂട്ടുകാർ നിൽക്കട്ടെ.. മരുന്നിനോടൊപ്പം മന്ത്രവും പരീക്ഷിക്കാൻ എന്റെ മനസ് പറയുന്നു. നീരജിന്റെ ജന്മനക്ഷത്രവും തിയ്യതിയും കൂട്ടുകാർക്ക് അറിയാം. അത് കുറിച്ചെടുത്തു. നേരെ ഇരിങ്ങാലക്കുടയിലേക്ക് തിരിച്ചു. നീരജിന്റെ ജന്മനക്ഷത്രവും തിയ്യതിയും വാങ്ങി ഒരു നിമിഷം അതിലേക്ക് നോക്കിയിരുന്ന് മുഖമുയർത്തി ആചാര്യൻ ചോദിച്ചു.

ഇയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ? മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടന്ന് ഞാൻ അറിയിച്ചു. രണ്ട് ശിവക്ഷേത്രങ്ങളിൽ നടത്തേണ്ട ചില പൂജകൾ ആചാര്യൻ കുറിച്ച് തന്നു. അപ്പോൾ തന്നെ ക്ഷേത്രങ്ങളിൽ പോയി പൂജകൾ എല്ലാം നടത്തി ഞങ്ങൾ തിരിച്ച് മെഡിക്കൽ കോളേജിൽ എത്തി. ഓരോ മണിക്കൂറിലും നീരജിന്റെ അമ്മയുടെ ഫോൺ വന്നു കൊണ്ടേയിരുന്നു. നീരജിന്റെ ആരോഗ്യ നിലയിൽ ഒരു മാറ്റവുമില്ലാതെ രണ്ട് ദിവസം കടന്ന് പോയി. ദിവസവും രാവിലേയും വൈകിട്ടും വെന്റിലേറ്റർ റൂമിൽ കൈകാലുകൾ ബന്ധിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന നീരജിനെ അല്പനേരം നോക്കി നിന്ന് ഞാൻ തിരിച്ച് പോരും.

ആശുപത്രിയിലെ ഡോക്ടർമാരും മറ്റുജീവനക്കാരും ആത്മാർത്ഥമായി പ്രവർത്തിച്ചു. ദിവസങ്ങൾ കടന്നുപോയി. മെഡിക്കൽ കോളേജിന് പുറത്തെ മരച്ചുവട് ഞങ്ങളുടെ വീടായി… അതിനിടയിൽ എവിടെ നിന്നോ കടം വാങ്ങിയ പണം കൊണ്ട് കേരളത്തിലേക്കുള്ള ട്രയിൻ ടിക്കറ്റ് എടുത്ത് നീരജിന്റെ ഒരു അമ്മാവനെത്തി. ഒരു രൂപ പോലും കൈയ്യിൽ ഇല്ലാതെയാണ് ആ പാവം വന്നിരിക്കുന്നത്.

ഒരാഴ്ച കടന്നുപോയി. നീരജിന് ബോധം തിരിച്ച് കിട്ടി. വെന്റിലേറ്ററിൽ നിന്ന് നീരജിനെ വാർഡിലേക്ക് മാറ്റി. നീരജ് കഞ്ഞി കുടിച്ചു. ഓറഞ്ച് കഴിച്ചു. പിറ്റേന്ന് നീരജിനെ ഡിസ്ചാർജ് ചെയ്തു. നീരജിനേയും കൂട്ടുകാരേയും അമ്മാവനേയും ട്രയിൻ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് ട്രയിൻ കയറ്റി വിട്ടു. നീരജും ആ ഓർമ്മകളും പതുക്കെ മനസിൽ നിന്ന് മാഞ്ഞുപോയി…

രണ്ട് വർഷം മുമ്പ് ഒരു മഴക്കാലത്ത് ചാലക്കുടിയിലെ ഒരു കോഫി ഹൗസിൽ ചൂടുള്ള ഒരു കാപ്പി ആസ്വദിച്ച് വെറുതെ ഇരിക്കുമ്പോൾ എന്റെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു കോൾ വന്നു. സർ, ആപ് കഹാം ഹെ? മൈ നീരജ് ഗുപ്ത ബോൽരഹാഹും. ഞാൻ ഇരിക്കുന്ന കോഫി ഹൗസ് ഞാൻ നീരജിന് പറഞ്ഞുകൊടുത്തു. പത്ത് മിനിറ്റിനകം നീല ജീൻസും ടീഷർട്ടും ധരിച്ച് നീരജ് എന്റെ മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു. നീരജിന്റെ കൈയ്യിൽ പിടിച്ച് ഞാൻ എന്റെ അരികിലിരുത്തി.

നീരജ് നാട്ടിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി. നീരജിന്റെ വിവാഹം കഴിഞ്ഞു. ഒരു വയസായ ഒരു മകനുണ്ട്. അമ്മ നാട്ടിൽ സുഖമായിരിക്കുന്നു. നാട്ടിലെ വിശേഷങ്ങൾ ഓന്നൊന്നായി പങ്കുവെക്കുകയാണ് നീരജ്. മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കൈകാലുകൾ തോർത്തുകോണ്ട് കട്ടിലിൽ ബന്ധിക്കപ്പെട്ട് അബോധാവസ്ഥയിൽ കിടക്കുന്ന നീരജിന്റെ രൂപം ഞാൻ മനസ്സിൽ ഓർത്തു.

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുടെ ഭാണ്ഡങ്ങൾ ഒന്നൊന്നായി പുറത്തെടുക്കുകയാണ് നീരജ്. എന്റെ മനസ് അപ്പോൾ മെഡിക്കൽ കോളേജിലെ മാവിൻചുവട്ടിലെ ഓർമ്മകളിലേക്ക് തിരിച്ച് യാത്ര ചെയ്യുകയായിരുന്നു…

( നീരജ് വാട്സാപ്പിൽ അയച്ച് തന്ന ചിത്രമാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്.)

shortlink

Related Articles

Post Your Comments

Related Articles


Back to top button