
മലപ്പുറം: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരവേദി ഇന്നലെ ചില നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ‘ഫ്രീ പാലസ്‌തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ പിച്ചിൽ അതിക്രമിച്ചു കയറി വിരാട് കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. സുരക്ഷാ വീഴ്ചയുടെ പേരിൽ ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു.
ജോൺ എന്ന ഓസ്ട്രേലിയൻ യുവാവാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. കെ ടി ജലീൽ എംഎൽഎ. കൊടും വംശഹത്യക്കെതിരായ ‘ന്യുജെൻ’ വികാരപ്രകടനമെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ജോൺ സാമുവൽ എന്ന ഓസ്ട്രേലിയൻ ചെറുപ്പക്കാരൻ കളി കാര്യമാക്കിയ നിമിഷം! മതാതീതവും രാജ്യാതീതവുമായ ഐക്യദാർഢ്യം! മനുഷ്യരുടെ ചോരക്ക് ഒരേനിറമാണെന്ന ബോദ്ധ്യപ്പെടുത്തൽ! അവരുടെ കണ്ണുനീർ തുള്ളികൾക്ക് ഒരേവികാരമാണെന്ന ഓർമ്മപ്പെടുത്തൽ! മനുഷ്യരുടെ നിലവിളികൾക്ക് ഒരേ അർത്ഥമാണെന്ന പ്രഖ്യാപനം! കൊടും വംശഹത്യക്കെതിരായ ‘ന്യുജെൻ’ വികാരപ്രകടനം!
Post Your Comments