Latest NewsUAEInternational

‘യു.എ.ഇ മുസ്ലീം ലോകത്തെ വഞ്ചിച്ചു’ -യു.എ.ഇ – ഇസ്രയേല്‍ സമാധാന കരാറിനെതിരെ ഇറാന്റെ പരമോന്നത നേതാവ്

യു.എ.ഇ കാട്ടിയ ഈ വഞ്ചന ഏറെ നാള്‍ നീണ്ടുനില്‍ക്കില്ലെന്നും എന്നാല്‍ അത് വരുത്തിവച്ച കളങ്കം അവര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും ഖമനേയി കൂട്ടിച്ചേര്‍ത്തു.

ടെഹ്റാന്‍ : തങ്ങളുടെ ആജന്മ ശത്രുക്കളായ ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള സമാധാന കരാറിലൂടെ യു.എ.ഇ മുസ്ലീം ലോകത്തെ വഞ്ചിച്ചുവെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ഖമനേയിയുടെ ആരോപണം. യു.എ.ഇ കാട്ടിയ ഈ വഞ്ചന ഏറെ നാള്‍ നീണ്ടുനില്‍ക്കില്ലെന്നും എന്നാല്‍ അത് വരുത്തിവച്ച കളങ്കം അവര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും ഖമനേയി കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ ഉടന്‍ തന്നെ കാര്യങ്ങള്‍ തിരിച്ചറിയുമെന്നും അവര്‍ ചെയ്തതിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഖമനേയി പറഞ്ഞു. അമേരിക്കയാണ് യു.എ.ഇയുടേയും ഇസ്രയേലിന്റെയും കരാറിന് മദ്ധ്യസ്ഥത വഹിച്ചത്. ‘ ഇസ്ലാം ലോകത്തെയും അറബ് രാജ്യങ്ങളെയും ഒപ്പം പലസ്തീനേയും യു.എ.ഇ ചതിച്ചു. ‘ ഖമനേയി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ഇസ്രയേലുമായി സമാധാന ഉടമ്പടിയുണ്ടാക്കുന്ന അറബ് മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് യു.എ.ഇ. ദീര്‍ഘനാളായി നീണ്ടുനിന്ന വിലക്കുകള്‍ അവസാനിപ്പിച്ചാണ് യു.എ.ഇയും ഇസ്രയേലും നയതന്ത്രബന്ധം സുഗമമാക്കുന്ന കരാറില്‍ ഒപ്പുവച്ചത്. ഓഗസ്റ്റ് 13നായിരുന്നു കരാര്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഇതാദ്യമായാണ് കരാറിനെതിരെ ഖമനേയി തന്റെ പ്രതികരണം അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button