തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. അന്‍സര്‍, ഉണ്ണി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് വിവരം. ഇതോടെ കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കേസിൽ ആറുപേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സജീവ്, സനൽ, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിയത്. മറ്റുള്ളവർ കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. മറ്റു നാല് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ്. കൊലപാതക കാരണത്തെ കുറിച്ച് ചോദ്യം ചെയ്യൽ തുടരുന്നുവെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴിയിൽ പറയുന്നത്. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു. എന്നാൽ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിച്ചു.
Post Your Comments