ന്യൂദല്‍ഹി: ഒരുകൂട്ടം മുതിര്‍ന്ന നേതാക്കളുടെ അപ്രതീക്ഷിതമായ നീക്കത്തിന്റെ ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സോണിയ ഗാന്ധിയുടെ അനാരോഗ്യവും ആശുപത്രിവാസക്കാലത്ത് നേതൃമാറ്റം ആവശ്യപ്പെട്ടതും വൈകാരികമായി അവതരിപ്പിച്ച് താല്‍ക്കാലിക രക്ഷ നേടിയെങ്കിലും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണെന്ന ബോധ്യത്തില്‍ തന്നെയാണ് ഹൈക്കമാന്‍ഡ്.
നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ‘നിരീക്ഷണത്തില്‍’ വെയ്ക്കാനാണ് ഹൈക്കമാന്‍ഡ് വിശ്വസ്തര്‍ക്ക് നല്‍കിയ നിര്‍ദേശം. നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ക്ക് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണം രാഹുല്‍ ഗാന്ധി പിന്‍വലിച്ചെങ്കിലും നെഹ്‌റു കുടുംബത്തിന്റെ ആശങ്കകള്‍ അവസാനിച്ചിട്ടില്ല. 1999ന് സമാനമായി സോണിയക്കെതിരെ വിമത ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളെ അന്നത്തെപ്പോലെ പുറത്താക്കാനുള്ള ശേഷി ഇന്ന് നേതൃത്വത്തിനില്ല.
അതുകൊണ്ടു തന്നെ ഇവരെ പിണക്കാതെ മുന്നോട്ടു കൊണ്ടുപോകാനാണ് നീക്കം. ആസൂത്രിത നീക്കമായിരുന്നു നേതാക്കള്‍ നടത്തിയതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ ആശങ്കകള്‍ക്ക് കാരണവും അതു തന്നെ. വിവിധ സംസ്ഥാനങ്ങളിലെ സമാന നിലപാടുള്ള നേതാക്കളുമായി മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചര്‍ച്ചകളാണ് പ്രവര്‍ത്തക സമിതിയിലെ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചത്.
കപില്‍ സിബല്‍, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ മുന്നില്‍ നിന്ന് നയിച്ച നീക്കങ്ങള്‍ക്ക് മിക്ക സംസ്ഥാനത്തെയും പ്രധാന നേതാക്കളുടെ രഹസ്യ പിന്തുണയുണ്ടായിരുന്നു. പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം വിമത നീക്കം നടത്തിയ നേതാക്കള്‍ ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ്.
ദേശീയ നേതൃത്വത്തിലുള്ള 23 നേതാക്കളാണ് സോണിയ ഇടക്കാല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുന്നൂറോളം നേതാക്കളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. അഞ്ചുമാസമായി നടത്തിയ നീക്കം നെഹ്‌റു കുടുംബമോ ഹൈക്കമാന്‍ഡിലെ വിശ്വസ്തരോ അറിഞ്ഞില്ല. എന്നതാണ് കൂടുതല്‍ നടുക്കത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടിയില്‍ എക്കാലവും സോണിയക്കും രാഹുലിനുമൊപ്പം വിശ്വസ്തരായി നിന്നവര്‍ തന്നെയാണ് നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയത്.
Post Your Comments