Latest NewsIndiaNews

യൂട്യൂബിൽ നോക്കി പൂട്ടുതുറക്കാൻ പഠിച്ചശേഷം മോഷണം; അമ്മയും മകനും പിടിയിൽ

ചെന്നൈ : യൂട്യൂബിൽ നോക്കി പൂട്ടുതുറക്കാൻ പഠിച്ചശേഷം ആളില്ലാത്ത വീട്ടിൽനിന്ന് 40 പവനും ഒരുലക്ഷം രൂപയും കവർന്ന സംഭവത്തിൽ കോളേജ് വിദ്യാർഥിയും അമ്മയും പിടിയിൽ. പല്ലാവരത്ത് താമസിക്കുന്ന വിജയ് (22), അമ്മ ധനലക്ഷ്മി (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ലോക്ഡൗണിൽ നാട്ടിലേക്കുമടങ്ങിയ കോയമ്പത്തൂർ സ്വദേശിയായ ഇളവരശൻ എന്ന സോഫ്റ്റ്വേർ എൻജിനിയറുടെ വീട്ടിലാണ് മോഷണം നടത്തിയത്. കഴിഞ്ഞമാസം 21-ന് ഇയാൾ തിരിച്ച് ചെന്നൈയിലെത്തിയപ്പോഴാണ് കതകിന്റെ പൂട്ടു തകർത്തിരിക്കുന്നതും സ്വർണവും പണവും നഷ്ടപ്പെട്ടതും തിരിച്ചറിഞ്ഞത്.

അതേത്തുടർന്ന് ഇളവരശൻ പഴവന്തങ്ങൾ പോലീസിൽ പരാതിനൽകി. പ്രദേശത്തെ നൂറോളം സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. മോഷണംനടന്ന വീട്ടിനടുത്തേക്ക് ഇയാൾ വന്നിറങ്ങിയ ഓട്ടോറിക്ഷ കണ്ടെത്തി ഓട്ടോഡ്രൈവറിൽനിന്ന് വിവരങ്ങൾ തേടി. തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പല്ലാവരം സ്വദേശിയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

തുടർന്ന് ഇയാളെ പിടികൂടി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് പൂട്ടുതുറക്കാൻ പഠിച്ചതെന്നും അമ്മയാണ് മോഷണമുതൽ സൂക്ഷിക്കുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. തുടർന്നാണ് ധനലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button