Latest NewsKeralaNews

രാജമല ദുരന്തം ; കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ പോലെ തന്നെ ധനസഹായം മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നല്‍കണം ; രമേശ് ചെന്നിത്തല

മൂന്നാര്‍ : കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നല്‍കണമെന്ന് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പത്ത് ലക്ഷം ധനസഹായം നല്‍കുന്നത് വിവേചനമാണെന്നും മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനാല്‍ നാട്ടുകാര്‍ക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല മൂന്നാറില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇന്ന് രാജമലയില്‍ തെരച്ചിന്റെ മൂന്നാം ദിനമാണ്. പെട്ടിമുടിയില്‍ കെട്ടിടത്തിന് മണ്ണിടിഞ്ഞാണ് പ്രദേശത്ത് 100ന് അടുത്ത് ആളുകള്‍ അപകടത്തില്‍പ്പെട്ടത്. മഴ മാറിനിന്നാല്‍ പ്രവര്‍ത്തനം വേഗത്തില്‍ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്ന് പ്രദേശത്തെത്തും.

27 മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തി. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ചവിട്ടിയാല്‍ അരയൊപ്പം വിഴുങ്ങുന്ന ചെളി നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണു നടക്കുന്നത്. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡന്റ് രേഖാ നമ്പ്യാര്‍ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നു.

തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിക്കുമെന്ന് റീജീണല്‍ ഓഫീസര്‍ ഷിജു കെ കെ വ്യക്തമാക്കി. ഇടുക്കിയിലെ സേനയ്ക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് പ്രത്യേക സംഘം സ്ഥലത്ത് എത്തി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസ്സമാകുമ്പോഴും പെട്ടിമുടിയുടെ മണ്ണിലമര്‍ന്നവരെ കണ്ടെത്താനുള്ള തിരച്ചില്‍ അതിസാഹസികമായി നടക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തും, ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും.

പ്രദേശത്ത് വീണ്ടും ചെറിയ മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. കുത്തൊഴുക്കായി മലവെള്ളം എത്തിയതും വെല്ലുവിളിയായി. പെട്ടിമുടിയിലെ 3 ഏക്കര്‍ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞത്. ഇതില്‍ അവസാനഭാഗത്തായിരുന്നു പെട്ടിമുടി ലയങ്ങള്‍. മണ്ണുമാന്തി യന്ത്രങ്ങള്‍ക്കു സഞ്ചരിക്കാന്‍ ചതുപ്പുപ്രദേശങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ടു വഴിയൊരുക്കി. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ ലയങ്ങളുടെ സ്ഥാനം കണക്കാക്കി.

7 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍. പ്രദേശത്ത് വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാത്തതിനാല്‍ രാത്രി തിരച്ചില്‍ തുടരാന്‍ കഴിയുന്നില്ല. ഇതിനു പുറമെ ഉരുള്‍പൊട്ടല്‍ സാധ്യതയുമുണ്ട്. കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കല്‍ ഇനിയും വൈകുമെന്നാണ് ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button