ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. തങ്ങളുടെ എം.എല്‍.എമാരെ ചട്ടവിരുദ്ധമായി തട്ടിയെടുത്ത് കോണ്‍ഗ്രസില്‍ ലയിപ്പിച്ചെന്ന ബി.എസ്.പിയുടെ ഹര്‍ജിയില്‍ നേരിയ ഭൂരിപക്ഷത്തില്‍ തൂങ്ങി നില്‍ക്കുന്ന അശോക് ഗെലോട്ട് സര്‍ക്കാരിലെ ആറ് എം.എല്‍.എമാര്‍ക്കെതിരെ ഹൈക്കോടതി നോട്ടീസ്. കേസില്‍ ബി.ജെ.പിയും കക്ഷി ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണു ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത്.
102 പേരുടെ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന ഗെലോട്ടിന്റെ ആവശ്യപ്രകാരം ആഗസ്റ്റ് 14ന് സഭാ സമ്മേളനം ചേരാന്‍ കഴിഞ്ഞ ദിവസം രാത്രി ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. കേവല ഭൂരിപക്ഷത്തിന് 101 സീറ്റുകള്‍ ആവശ്യമായിരിക്കെ 102 പേരുടെ പിന്തുണയാണ് ഗെലോട്ട് അവകാശപ്പെടുന്നത്. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും ബി.ജെ.പി സഹായത്തോടെ ഭിന്നിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിന് നിര്‍ണായകമാണ്. അതിനാല്‍ തന്നെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരോടു നിയമസഭ സമ്മേളിക്കുന്ന ഓഗസ്റ്റ് 14 വരെ ഹോട്ടലില്‍ത്തന്നെ തങ്ങാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലെത്തി ജോലികള്‍ ചെയ്യും. എംഎല്‍എമാര്‍ ഹോട്ടലില്‍ തങ്ങി ജോലി ചെയ്യും.
2018ലെ തിരഞ്ഞെടുപ്പില്‍ 200 അംഗ നിയമസഭയില്‍ 100 സീറ്റു മാത്രം ലഭിച്ച കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ പിന്തുണ നല്‍കിയ ആറ് ബി.എസ്.പി എം.എല്‍.എമാരെ പിന്നീട് പാര്‍ട്ടിയില്‍ ലയിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 14ന് സഭ സമ്മേളിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതോടെ അത്രയും ദിവസം തങ്ങളുടെ പക്ഷത്തെ എം.എല്‍.എമാരെ സംരക്ഷിച്ചു നിറുത്തേണ്ടതുണ്ട് ഗെലോട്ടിന്. കോണ്‍ഗ്രസ് ചിഹ്നത്തില്‍ ജയിച്ച എല്ലാ എം.എം.എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
Post Your Comments