ജയ്പുര്‍: രാജ്യത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയതിലൂടെ പ്രീണനരാഷ്ട്രീയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടയൊരുക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ സമയോചിതമായ ഇടപെടൽ മൂലം പിഎഫ്‌ഐയെ അടിച്ചമർത്താൻ സാധിച്ചതായും അമിത് ഷാ ജനങ്ങളെ അറിയിച്ചു. രാജസ്ഥാനിലെ മക്രാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.
വിഷയത്തിൽ രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനേയും മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തിനേയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ഗഹ്‌ലോത്തിന്റെ പ്രീണനനയം നിരവധി യുവാക്കളുടെ കൊലപാതകത്തിനിടയാക്കിയതായും അമിത് ഷാ ആരോപിച്ചു. കൂടാതെ ഗഹ്‌ലോത്തിനെ കോണ്‍ഗ്രസ് നേതാക്കള്‍ മാന്ത്രികനെന്നാണ് വിളിക്കുന്നതെന്നും മായാജാലം കാണിച്ച് ഗഹ്‌ലോത് രാജസ്ഥാനില്‍ വൈദ്യുതിപ്രതിസന്ധി ഉണ്ടാക്കിയെന്നും ഷാ പരിഹസിച്ചു. രാജ്യത്ത് ഏറ്റവുമധികം പവര്‍കട്ട് നേരിടുന്നത് രാജസ്ഥാനാണെന്നും ഷാ പറഞ്ഞു.
‘രാജ്യത്തുടനീളം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ പ്രധാനമന്ത്രി പ്രീണനരാഷ്ട്രീയനയത്തെ അടിച്ചമര്‍ത്തി. ഝാലാവാറില്‍ കൃഷ്ണ വാല്‍മീകി മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടു. അല്‍വറില്‍ 300 കൊല്ലം പഴക്കമുള്ള ശിവക്ഷേത്രം തകര്‍ക്കപ്പെട്ടു. സാലാസറില്‍ റാം ദര്‍ബാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു. ഗഹ്‌ലോത് സാഹിബ്, രാജസ്ഥാനിലെ ജനങ്ങള്‍ താങ്കള്‍ക്കൊപ്പമല്ല. കാരണം, ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ താങ്കള്‍ പുനര്‍ജീവിപ്പിക്കുമെന്ന് അവര്‍ക്കറിയാം കനയ്യലാല്‍ തേലിയെ ശിരച്ഛേദം ചെയ്തുകൊന്നു. കോണ്‍ഗ്രസിന്റെ ഭരണത്തില്‍കീഴില്‍ കാലാകാലങ്ങളായി കലാപങ്ങള്‍ നടക്കുന്നു. കനയ്യയെപ്പോലുള്ള യുവാക്കള്‍ കൊല്ലപ്പെട്ടത് അശോക് ഗഹ്‌ലോത്തിന്റെ പ്രീണനനയം മൂലമാണ്’, ഷാ പറഞ്ഞു.
രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ദിനംപ്രതി 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ അതൊന്നും ഗഹ്‌ലോത്തിനെ ഒരുതരത്തിലും ബാധിക്കുന്നില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സംസ്ഥാനസര്‍ക്കാര്‍ പുതിയ ലോകറെക്കോഡ് സൃഷ്ടിച്ചതായും ഷാ കുറ്റപ്പെടുത്തി.
‘ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ കൊല്ലവും മൂന്ന് ചോദ്യപേപ്പറുകളാണ് ചോരുന്നത്, അതും പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചോദ്യപേപ്പറുകള്‍. നാല് കൊല്ലത്തിനിടെ 14 ലേറെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിലൂടെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയാണ് ഇരുട്ടിലായത്. ഗഹ്‌ലോത് ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗഹ്‌ലോത് ജി, ഒരു യുവാവ് രണ്ടര-മൂന്ന് കൊല്ലമാണ് ഒരു പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നത്. താങ്കളാകട്ടെ കോണ്‍ഗ്രസിന്റെ സില്‍ബന്തികള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്നത്. അഴിമതിരഹിത പരീക്ഷകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഞങ്ങളൊരുക്കും’, ഷാ പറഞ്ഞു.
കൂടാതെ ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സംസ്ഥാൻ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ഷാ കുറ്റപ്പെടുത്തി. 22,000 കോടി രൂപയാണ് കുടിവെള്ളപദ്ധതിക്കായി ചെലവിട്ടതെന്നും എന്നാല്‍ ജനങ്ങളുടെ ഭവനങ്ങളില്‍ വെള്ളമെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തുന്ന പക്ഷം രണ്ടര കൊല്ലത്തിനുള്ളില്‍ രാജസ്ഥാനിലെ ഓരോ വീടുകളിലും വെള്ളമെത്തുമെത്തിക്കുമെന്നും അവകാശപ്പെട്ടു.
Post Your Comments