Latest NewsIndia

ജനക്കൂട്ടം കണ്ടു വണ്ടി നിർത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേട്ടത് മോദി-മോദി മുദ്രാവാക്യം

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മുന്നില്‍ മോദി-മോദി മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം. ഭില്‍വാരയിലൂടെ യാത്ര ചെയ്യുന്നതിനിടെ ജനക്കൂട്ടത്തെ കണ്ട് വാഹനവ്യൂഹം നിര്‍ത്തിയപ്പോഴാണ് സംഭവം. ഇതുകണ്ട് വാഹനത്തില്‍ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രി പുഞ്ചിരിയോടെ മുദ്രാവാക്യം വിളിച്ചവരുടെ അഭിവാദ്യം സ്വീകരിച്ച് യാത്ര തുടര്‍ന്നു.

മിഷന്‍ 2030 സംബന്ധിച്ച് ഭില്‍വാര ജില്ലയിലെ സംരംഭകരുമായി ചര്‍ച്ച നടത്താന്‍ ബുധനാഴ്ച രാത്രി അദ്ദേഹം മുനിസിപ്പല്‍ കൗണ്‍സിലിലെ മഹാറാണ പ്രതാപ് ഓഡിറ്റോറിയത്തില്‍ എത്തിയിരുന്നു. ഇതിനുശേഷം രാത്രി വിശ്രമത്തിനായി ഭില്‍വാര സര്‍ക്യൂട്ട് ഹൗസിലേക്ക് പോകുമ്പോഴാണ് മുനിസിപ്പല്‍ കൗണ്‍സിലിന് പിന്നിലെ സരസ്വതി സര്‍ക്കിളില്‍ ഒരു കൂട്ടം യുവാക്കള്‍ നില്‍ക്കുന്നത് കണ്ടത്. ഇവരെ കണ്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തുകയായിരുന്നു.

എന്നാല്‍ യുവാക്കള്‍ ഗെഹ്ലോട്ടിന് മുന്നില്‍ മോദി-മോദി മുദ്രാവാക്യമാണ് വിളിച്ചത്. മുദ്രാവാക്യം വിളിക്കിടെ മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി എല്ലാവരേയും കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. ചിരിച്ചുകൊണ്ടാണ് അദ്ദേഹം കാറിലേക്ക് തിരിച്ച് കയറിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മടങ്ങാനൊരുങ്ങിയതോടെ യുവാക്കള്‍ ജയ് ശ്രീറാം മുഴക്കി. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് കൂടുതല്‍ സുരക്ഷയൊരുക്കി.

ഇതാദ്യമായല്ല ഗെഹ്ലോട്ടിന് മുന്നില്‍ മോദി-മോദി മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ജയന്റ്സും തമ്മില്‍ ജയ്പൂരില്‍ നടന്ന മത്സരത്തിനിടെയിലും സമാന സംഭവമുണ്ടായി. മത്സരം കാണാന്‍ ഗെഹ്ലോട്ടും എത്തിയിരുന്നു.കാണികളുടെ ഗ്യാലറിയില്‍ ഇരുന്ന് മത്സരം ആസ്വദിച്ചപ്പോള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നവര്‍ അദ്ദേഹത്തിന് മുന്നില്‍ മോദി-മോദി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button