കൊച്ചി: സംസ്ഥാനത്ത് നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണകള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ധാരണയായി. യുഎഇയില്‍ നിലവില്‍ ഒന്നിലേറെ കേസുകളില്‍ ഫൈസല്‍ പ്രതിയാണെന്നതായിരുന്നു ഫൈസലിനെ വിട്ടു നല്‍കാന്‍ തടസമായിട്ടുണ്ടായിരുന്നത് എന്നാല്‍ എന്‍.ഐ.എയുമായുള്ള ധാരണപ്രകാരം ദുബായില്‍ തല്‍ക്കാലം കേസെടുക്കില്ല.
ദുബായ് സര്‍ക്കാരിന്റെ വ്യാജമുദ്ര സഹിതം ബാഗേജ് സീല്‍ ചെയ്തയച്ച കേസില്‍ ഫൈസലിനെ പ്രതിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, ചോദ്യംചെയ്യല്‍ അനിവാര്യമായതിനാല്‍ ഉടന്‍ വിട്ടുകിട്ടണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെടുകയായിരുന്നു ഇതോടെ ഫൈസലിനെ കൈമാറാന്‍ ധാരണയില്‍ എത്തുകയായിരുന്നു. ചെക്കു കേസുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് യുഎഇയിലെ നിയമം. നിലവിലുണ്ടായിരുന്ന ചെക്കു കേസിലായിരുന്നു ഫൈസല്‍ ഷാര്‍ജ പോലീസില്‍ കഴിഞ്ഞയാഴ്ച്ച കീഴടങ്ങിയത്. അഭിഭാഷകന് ഒപ്പമെത്തിയായിരുന്നു കീഴടങ്ങല്‍. നിലവില്‍ ഫൈസല്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ്.
എന്നാല്‍, ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന സുപ്രധാന കേസായതിനാല്‍ ഇയാളെ ഉടന്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ നിയമനടപടി പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ വിട്ടുനല്‍കാമെന്നും വധശിക്ഷയുണ്ടാകില്ലെന്നുമുള്ള ഉറപ്പിലാണു ദുബായ് അധികൃതര്‍ ഫൈസലിനെ ഇന്ത്യക്കു കൈമാറുന്നത്. കൈമാറ്റം അടുത്താഴ്ച ആദ്യമുണ്ടാകുമെന്നാണു സൂചന. എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് എന്നീ ഏജന്‍സികളാണു ഫൈസലിനെ ചോദ്യംചെയ്യുക. ഇന്ത്യ പാസ്പോര്‍ട്ട് റദ്ദാക്കിയതോടെ യു.എ.ഇ. വിസയും റദ്ദാക്കി. നാടുകടത്തല്‍ നടപടി സങ്കീര്‍ണമായതിനാല്‍ അനൗദ്യോഗികമായിട്ടാകും ഇന്ത്യയിലേക്കു വിമാനം കയറ്റുക.
തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ ദുബായില്‍നിന്നു സ്വര്‍ണം കയറ്റിയയച്ചത് ഫൈസലാണെന്നും കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്കും പങ്കുണ്ടെന്നും മറ്റു പ്രതികള്‍ മൊഴി നല്‍കിയിരുന്നു. അറ്റാഷെയാണു ബാഗേജ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്ന് ഒന്നാംപ്രതി പി.എസ്. സരിത്തും ബാഗേജില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നെന്നു രണ്ടാംപ്രതി സ്വപ്ന സുരേഷും മൊഴി നല്‍കി.
Post Your Comments