ദില്ലി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. ഗുവാഹത്തിയില്‍ നിന്ന് ഷര്‍ജീലിനെ ദില്ലിയിലേക്ക് കൊണ്ട് വരുന്നതിന് മുന്നോടിയായി ഗുവാഹത്തിയിലെ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി ദില്ലിയിലെ ഷാഹീന്‍ ബാഗില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷര്‍ജീല്‍ ഇമാം രാജ്യദ്രോഹകേസില്‍ അറസ്റ്റിലായത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉടനെ ഇമാമിനെ ദില്ലിയിലേക്ക് കൊണ്ടുവരാനാകില്ല. രോഗം ഭേദമാകുന്നത് വരെ ഇമാമിനെ ഗുവാഹത്തിയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ത്തന്നെ പാര്‍പ്പിക്കാനാണ് ദില്ലി പൊലീസിന്റെ തീരുമാനം. 31കാരനായ ഷര്‍ജീല്‍ ബോംബെ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എം ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഉപരിപഠനത്തിനായി ജെഎന്‍യുവില്‍ ചേരുകയായിരുന്നു.
പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീന്‍ ബാഗില്‍ വച്ച് സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷര്‍ജീലിന് എതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റില്‍ ആയ ഷര്‍ജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. ദില്ലിയിലെ പൗരത്വപ്രക്ഷോഭങ്ങളുടെ ആസൂത്രകന്‍ ഷര്‍ജീലാണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
Post Your Comments