കൊച്ചി: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. ഫേസ്ബുക്കിലെ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയരായ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പോലീസ് കേസെടുത്തത്.
അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടിയാണ് വർഷ സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയത്. ജൂണ്‍ 24നാണ് വര്‍ഷ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. പിന്നീട് ആലുവയിലുളള സാജന്‍ കേച്ചേരി എന്നയാള്‍ സഹായവുമായി എത്തി. ഫിറോസ് കുന്നുംപറമ്പില്‍ അടക്കമുളളവര്‍ ഫേസ്ബുക്കിലൂടെ വര്‍ഷയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുളള വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ഇതോടെ നിരവധി പേര്‍ അക്കൗണ്ടിലേക്ക് പണം അയച്ചു. ചികിത്സയ്ക്കായി 30 ലക്ഷത്തില്‍ താഴെയുളള തുകയാണ് വേണ്ടിയിരുന്നത്.
ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ തുക അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് ഇനി ആരും പണം അയക്കേണ്ടെന്ന് അറിയിച്ചിരുന്നു. അടുത്ത ദിവസവും ലക്ഷക്കണക്കിന് തുക വര്‍ഷയുടെ അക്കൗണ്ടില്‍ വീണ്ടും എത്തുകയാണ് ഉണ്ടായത്.ഇതിനിടെ ജോയിന്റ് അക്കൗണ്ട് വേണമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നാണ് വര്‍ഷ പറയുന്നത്. ഇതിന‌് തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങി. കൂടാതെ അപരിചിത നമ്പരുകളില്‍നിന്ന് വിളിച്ചു സാജന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്, പണം നല്‍കുമെന്ന് പറഞ്ഞു എന്ന മട്ടിലുള്ള സഹായ അഭ്യര്‍ഥനകളും എത്തുന്നതായി പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിരുന്നു.
ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല, സാജന്‍ കേച്ചേരി ആവശ്യപ്പെടുന്നത് പോലെ തന്നെയാണ് ഫിറോസ് കുന്നംപറമ്പിലും തന്നെ ഫോണില്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതെന്നും വര്‍ഷ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരുന്നു. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയുള്ള വീഡിയോയും ഫിറോസ് പങ്കുവച്ചിരുന്നു.
അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ചിലരുടെ ഭീഷണിയെന്ന് വര്‍ഷ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുത്തിരുന്നു.
Post Your Comments