KeralaLatest NewsNews

സോഷ്യല്‍മീഡിയയിലൂടെ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരിലെ തട്ടിപ്പുകള്‍ തടയാം :പരിഹാരമാര്‍ഗം പറഞ്ഞ് ഫിറോസ്

രോഗികള്‍ക്കായി ആളുകള്‍ ഇഷ്ടം പോലെ പണം പിരിക്കുന്ന പ്രവണത നിരീക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു

കൊച്ചി : സോഷ്യല്‍മീഡിയയിലെ ചാരിറ്റി തട്ടിപ്പുകാരെ തടയാൻ പരിഹാരമാര്‍ഗം പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍. ഒരു രോഗിക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോള്‍ അതിലേക്ക് വരുന്ന അധിക തുക സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൈമാറുന്ന സംവിധാനം ആവിഷ്‌കരിക്കണമെന്ന് ഫിറോസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.

‘സോഷ്യല്‍മീഡിയ ചാരിറ്റിയില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടട്ടേ. എല്ലാ ചാരിറ്റിക്കാരെയും ലിസ്റ്റ് ചെയ്യട്ടെ. ഒരു വീഡിയോ ചെയ്യുമ്പോള്‍ അതാത് പ്രദേശത്തെ ആരോഗ്യവകുപ്പില്‍ നിന്നോ പൊലീസ് സ്റ്റേഷനില്‍ നിന്നോ ഒരു കത്ത് വാങ്ങട്ടെ. മാത്രമല്ല, ആ വീഡിയോയില്‍ എത്ര ഫണ്ട് വന്നും എന്നും പൊലീസിനെ അറിയിക്കണം. കൂടുതലായി വരുന്ന പണം നിക്ഷേപിക്കാന്‍ സാമൂഹ്യസുരക്ഷ മിഷന്‍ പോലെ സര്‍ക്കാര്‍ ഒരു സംവിധാനം ഉണ്ടാക്കണം. റിട്ട. ജഡ്ജിമാരെയോ, ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരെയോ ഉള്‍ക്കൊള്ളിച്ച് ഒരു കമ്മിറ്റി ഉണ്ടാക്കണം. എന്നിട്ട് ആ കമ്മിറ്റിയുടെ പേരില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കി, കൂടുതലായി വരുന്ന തുക അതിലേക്ക് കൈമാറ്റം ചെയ്യണം’- ഫിറോസ് പറഞ്ഞു.

Read Also  :  അസുഖ ബാധിതയായ മൂന്നര വയസുകാരിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്ത് തട്ടിപ്പ്‌

സര്‍ക്കാരിന് ഒരു രോഗിക്ക് 18 കോടി രൂപ കൊടുക്കാന്‍ സാധിക്കുന്നില്ല. ആ ഘട്ടത്തിലാണ് കുറെ ആളുകള്‍ ചേര്‍ന്ന് ആറു ദിവസം കൊണ്ട് 18 കോടി രൂപ സംഘടിപ്പിച്ചത്. നിരവധി ആളുകള്‍ക്ക് ചാരിറ്റിയിലൂടെ ആശ്വാസം പകര്‍ന്നവരാണ് ഞാനടക്കമുള്ളവര്‍. ഞങ്ങള്‍ ഒരുവീഡിയോ ചെയ്യുമ്പോള്‍ ഒരു കോടി രൂപ വരുന്നുണ്ടെങ്കില്‍ അത് വിശ്വാസം കൊണ്ടാണെന്നും ഫിറോസ് പറഞ്ഞു. മാധ്യമങ്ങള്‍ പോസ്റ്റര്‍ അടിച്ച് വിട്ടാല്‍ മാത്രം തുക കിട്ടില്ല. ഞാനടക്കമുള്ളവര്‍ അത് ഷെയര്‍ ചെയ്തത് കൊണ്ടാണ് ആ പണം വന്നതെന്നും ഫിറോസ് പറഞ്ഞു.

രോഗികള്‍ക്കായി ആളുകള്‍ ഇഷ്ടം പോലെ പണം പിരിക്കുന്ന പ്രവണത നിരീക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.ക്രൗഡ് ഫണ്ടിങിലൂടെ സമാഹരിക്കുന്ന പണം രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button