Latest NewsNewsIndia

നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം ; കോളേജ് ഡയറക്ടര്‍ അടക്കം 8 പേര്‍ അറസ്റ്റില്‍

രണ്ട് നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കോളേജ് ഡയറക്ടര്‍ അടക്കം 8 പേര്‍ അറസ്റ്റില്‍. ഹരിദ്വാറിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടര്‍, അഞ്ച് സെക്യൂരിറ്റി ഗാര്‍ഡുകള്‍, രജിസ്ട്രാര്‍, അനധ്യാപക സ്റ്റാഫ് അംഗം എന്നിവരെയാണ് അറസ്റ്റുചെയ്തത്. നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ കാറിന്റെ പുറകില്‍ കിടന്ന് ഷര്‍ട്ടുകളില്ലാതെ വേദനയോടെ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

റൂര്‍ക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍ഐടി) ഭഗവാന്‍പൂര്‍ കോളേജില്‍ പഠിക്കുന്ന രണ്ട് നൈജീരിയന്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഹരിദ്വാര്‍ ജില്ലയിലെ ഭഗവാന്‍പൂര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജീവ് തപ്ലിയാല്‍ പറഞ്ഞു. നൈജീരിയന്‍ വിദ്യാര്‍ത്ഥി ഫ്രാന്‍സിസ് കോയാങ്ങിന്റെ പരാതിയില്‍ കോളേജ് ഡയറക്ടര്‍ പരാഗ് ജെയിന്‍, രജിസ്ട്രാര്‍ മുനേന്ദ്ര ചൗഹാന്‍, അഞ്ച് സെക്യൂരിറ്റി ഗാര്‍ഡുകള്‍, അനധ്യാപക സ്റ്റാഫ് അംഗം എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് പരിസരത്ത് നിന്ന് അത്താഴത്തിനായി പുറത്തുപോകാന്‍ അനുമതി ചോദിച്ചപ്പോള്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. കോളേജ് കാന്റീന്‍ ഭക്ഷണം മടുത്തുവെന്നും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ പോവുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഭക്ഷണം കഴിച്ച് ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ അവരെ തടഞ്ഞു. ഇത് പിന്നീട് വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന് മറ്റ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ കൂടി എത്തിയതോടെ ഇവര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു.

രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. സ്വകാര്യ കോളേജ് മാനേജ്മെന്റിനും അവരുടെ സുരക്ഷാ ഗാര്‍ഡുകള്‍ക്കുമെതിരെ കര്‍ശന നിയമനടപടി ആവശ്യപ്പെട്ട് പ്രാദേശിക വിദ്യാര്‍ത്ഥികളും ഗ്രാമവാസികളും നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയും (എന്‍എസ്യുഐ) നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തെത്തി.

കോളേജ് മാനേജ്മെന്റിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നടപടിയെ അപലപിച്ച് എന്‍എസ്യുഐയും ഭീം ആര്‍മി പ്രവര്‍ത്തകരും കോളേജ് ഗേറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കിള്‍ ഓഫീസര്‍ മംഗലാപു അഭയ് സിംഗ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും നിരീക്ഷിച്ച് കോളേജ് പ്രദേശത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button