Latest NewsNewsIndia

ഇന്ത്യ ഇസ്ലാമിക രാജ്യമാകുന്നത് തടയാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം: യതി നരസിംഹാനന്ദ്

ഹരിദ്വാർ: ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് ഒഴിവാക്കാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് വിവാദ പുരോഹിതൻ യതി നരസിംഹാനന്ദ് സരസ്വതി. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് പുതിയ വിദ്വേഷ പ്രചാരണം. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ മുബാറക്പൂരില്‍ അഖില ഭാരതീയ സന്ദ് പരിഷദ് നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

ഈ മാസം ആദ്യം മഥുരയില്‍ വച്ച് നടത്തിയ പ്രസംഗത്തിലും വരും ദശകങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം കുറയാതിരിക്കാന്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങൾ ആസൂത്രിതമായി നിരവധി കുട്ടികൾക്ക് ജന്മം നൽകി ജനസംഖ്യ വർദ്ധിപ്പിക്കുകയാണെന്ന വിചിത്ര കണ്ടെത്തലാണ് അദ്ദേഹം നടത്തിയത്. ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമാകുന്നത് ഒഴിവാക്കാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നാണ് അദ്ദേഹം പറയുന്നത്.

Also Read: സാമ്പത്തിക തട്ടിപ്പ്: 60 വിദേശപൗരൻമാർക്കെതിരെ കേസെടുത്തു

‘ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എന്നാല്‍ മുസ്ലിംങ്ങള്‍ ആസൂത്രിതമായി നിരവധി കുട്ടികള്‍ക്ക് ജന്മം നല്‍കി ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണ്. അതുകൊണ്ടാണ്, ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമാകുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ സംഘടന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള പാകിസ്ഥാന്‍ പോലെ ഇന്ത്യയും മാറും’, അദ്ദേഹം പറഞ്ഞു. രണ്ട് കുട്ടികൾ എന്ന ദേശീയ നയത്തിന് വിരുദ്ധമാകില്ലേ ഇതെന്ന ചോദ്യത്തിന്, ‘രണ്ട് കുട്ടികൾക്ക് മാത്രം ജന്മം നൽകാൻ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നമ്മുടെ രാജ്യത്ത് ഇല്ല’ എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ടില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തില്‍ പങ്കെടുത്ത അദ്ദേഹം, ഒരു മുസ്ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നും അതിനെതിരെ പോരാടാന്‍ ആയുധമെടുക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇതിനുപിന്നാലെ, യതി നരസിംഹാനന്ദും അന്നപൂർണ ഭാരതിയും കൂടാതെ രാജ്യത്തുടനീളമുള്ള നിരവധി സന്യാസിമാരും പുരോഹിതന്മാരും പങ്കെടുക്കുന്ന മീറ്റ് കണക്കിലെടുത്ത്, ഒരു മതത്തിനും എതിരെ പ്രേരിപ്പിക്കുന്ന ഭാഷ ഉപയോഗിക്കരുതെന്ന് ഹിമാചൽ പ്രദേശ് പോലീസ് സരസ്വതിക്ക് അയച്ച നോട്ടീസിൽ നിർദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, ജനുവരിയില്‍ ഹരിദ്വാറില്‍ മുസ്ലിങ്ങള്‍ക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ധര്‍മ്മ സന്‍സദ് സംഘടിപ്പിച്ചതിന് അറസ്റ്റിലായ യതി നരസിംഹാനന്ദ് ഫെബ്രുവരി 18-നാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button