ചെന്നൈ : ലഡാക്കിൽ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാരൻ വീട്ടിൽ അതിക്രമിച്ചുകയറിയ കവർച്ചസംഘം അമ്മയെയും ഭാര്യയെയും കൊലപ്പെടുത്തി. ശിവഗംഗ ജില്ലയിൽ കാളയാർകോവിലിനടുത്ത് മുടുക്കൂരണിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. പട്ടാളക്കാരൻ സ്റ്റീഫന്റെ അമ്മ രാജകുമാരി (60), ഭാര്യ സ്നേഹ (30) എന്നിവരാണ് മരിച്ചത്.
ഉറങ്ങിക്കിടന്ന ഇരുവരെയും മാരകായുധമുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്റ്റീഫന്റെ അച്ഛനും വിമുക്തഭടനുമായ സാന്റിയാഗോ പുലർച്ചെ കൃഷിയിടത്തിലേക്ക് പോയതിനു ശേഷമായിരുന്നു സംഭവം. പുലർച്ചെ, സ്നേഹയുടെ ഏഴു മാസം പ്രായമായ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് സംശയം തോന്നിയ അയൽവീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് ഇരട്ടക്കൊലപാതകം പുറത്തറിഞ്ഞത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടത്തിൽനിന്ന് എത്തിയ സാന്റിയാഗോതന്നെ കാളയാർകോവിൽ പോലീസിലും സംഭവം അറിയിച്ചു. വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതർ കൊല നടത്തിയ ശേഷം സ്വർണാഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അലമാര തകർത്ത നിലയിലായിരുന്നു.സംഭവത്തിൽ വിരലടയാളസംഘം തെളിവുകൾ ശേഖരിച്ചു. സാന്റിയാഗോ പുലർച്ചെ പതിവായി കൃഷിയിടത്തിലേക്ക് പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാകാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ അനുമാനം. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.
Post Your Comments