കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് കിട്ടിയ ആശ്വാസമാണ് ഒടിടി പ്ലാറ്റ് ഫോം. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പശ്ചാത്തലത്തിൽ സിനിമകൾ ആളുകളിലേക്ക് എത്തിക്കാൻ ആകെയുള്ള മാർഗം ഒടിടി പ്ലാറ്റ് ഫോമുകളാണ് . വിവിധ ഭാഷകളിൽ നിന്ന് ഇതിനകം തന്നെ ഒടിടി പ്ലാറ്റ് ഫോം വഴി നിരവധി ചിത്രം റിലീസ് ചെയ്തു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഒടിടി റിലീസിന് വിസമ്മതിച്ചിരുന്ന പല ചിത്രങ്ങളും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ, തീയേറ്ററുകൾ അടുത്ത് തുറക്കാനുള്ള സാധ്യത മങ്ങിത്തുടങ്ങിയതോടെ ഒടിടി പ്ലാറ്റ് ഫോം വഴി ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിൽ നിന്ന് ആദ്യത്തെ ചിത്രം ‘സൂഫിയും സുജാതയും’ ഒടിടി റിലീസ് ചെയ്തിരുന്നു. എന്നാൽ കൊവിഡില്‍ നിന്ന് ഒടിടി പ്ലാറ്റ് ഫോം വഴി കരകയറാൻ ശ്രമിക്കുന്ന സിനിമാ മേഖല മറ്റൊരു വെല്ലുവിളി കൂടി നേരിടുകയാണ്. റിലീസ് ചെയ്ത ചിത്രങ്ങളുടെ വ്യാജ പതിപ്പ് ചിത്രം ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എത്തുന്നു എന്നതാണ് അത്.
ടെലഗ്രാം പോലുള്ള ആപ്ലിക്കേഷനിലൂടെയാണ് വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത്. ജ്യോതിക നായികയായെത്തിയ ചിത്രം പൊന്മകൾ വന്താൽ ആമസോൺ പ്രൈമിൽ എത്തിയതിന് പിന്നാലെ തന്നെ ഇതിന്റെ വ്യാജ പതിപ്പും ടെലഗ്രാമിലെത്തിയിരുന്നു. സമാന അനുഭവം തന്നെയായിരുന്നു ആയുഷ്മാൻ ഖുറാനയും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ച ബോളിവുഡ് ചിത്രം ‘ഗുലാബോ സീതാബോ’യ്ക്കും. ഇപ്പോൾ മലയാള ചിത്രം സൂഫിയും സുജാതയുടെയും വ്യാജനും എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പിനെതിരെ നിർമ്മാതാവ് വിജയ് ബാബു രംഗത്തെത്തുകയും ചെയ്തിരുന്നു. നാൾക്കുനാൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തീയേറ്ററുകൾ തുറക്കാനുള്ള സാഹചര്യങ്ങൾ മങ്ങുകയാണ്. ഈ അവസരത്തിൽ സിനിമകൾ റിലീസ് ചെയ്യാനുള്ള ഏക വഴിയാണ് ഒടിടി പ്ലാറ്റ് ഫോമുകൾ. എന്നാൽ ചിത്രം ഇറങ്ങിയ ഉടനെ തന്നെ വ്യാജ പതിപ്പുകൾ ടെലഗ്രാമിലും മറ്റും എത്തുന്നത് നിർമ്മാതാക്കളെയും അണിയറപ്രവർത്തകരെയും ഒരുപോലെ ആശങ്കപ്പെടുത്തുകയാണ്.
Post Your Comments