അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അടുത്തിടെ അവതരിപ്പിച്ച നാസ പ്ലസ് എന്ന സ്ട്രീമിംഗ് സേവനത്തിന് വൻ സ്വീകാര്യത. നാസയുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം സൗജന്യ സേവനമാണ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ബഹിരാകാശം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് നാസ പ്ലസിൽ ഉണ്ടാവുക. കൂടാതെ, ഒറിജിനൽ സീരീസുകൾ ആസ്വദിക്കാനുള്ള അവസരവും ലഭിക്കുന്നുണ്ട്. പരസ്യ രഹിത സേവനമാണ് നാസ പ്ലസ്. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വലിയ രീതിയിലുള്ള കയ്യടി നേടിയെടുക്കാൻ ഈ ഒടിടി പ്ലാറ്റ്ഫോമിന് സാധിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് വെബ് ബ്രൗസർ വഴിയും, നാസ ആപ്പ് വഴിയും സേവനങ്ങൾ ആസ്വദിക്കാൻ കഴിയും. കൂടാതെ, plus.nasa.gov എന്ന യുആർഎൽ സന്ദർശിച്ചാലും നാസ പ്ലസിന്റെ വെബ്സൈറ്റ് എത്താവുന്നതാണ്. ആൻഡ്രോയിഡ്, ഐ ഒ എസ് ആപ്പുകളിലും, ആപ്പിൾ ടിവി, റോകു എന്നീ പ്ലാറ്റ്ഫോമുകളിലും നാസ പ്ലസ് ലഭിക്കും. ഇതിനകം നാസ ആപ്പ് ഇൻസ്റ്റാൾ ചെയ്തവർ, അപ്ഡേറ്റ് ചെയ്താൽ പുതിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതാണ്. നിലവിൽ, ആർട്ടെമിസ് സി1, അതർ വേൾഡ്സ്: പ്ലാനെറ്റ്സ്, ഫസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള ഡോക്യുമെന്ററികളും പ്ലാറ്റ്ഫോമിൽ ഉണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ഉള്ളവയാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും. നാസയുടെ ദൗത്യങ്ങളോടും ബഹിരാകാശ ശാസ്ത്ര വിഷയങ്ങൾ താൽപര്യമുള്ളവർക്ക് മികച്ചൊരു പ്ലാറ്റ്ഫോമാണ് നാസ പ്ലസ്.
Post Your Comments