ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷ സാഹചര്യത്തിൽ സൈന്യത്തിൻെറ ശക്തി വർധിപ്പിക്കാൻ 38900 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. പോർവിമാനങ്ങളും മിസൈലുകളും മറ്റു ആയുധങ്ങളും വാങ്ങാനാണ് ഈ തുക ചെലവഴിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻെറ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന പ്രത്യേക സമിതിയാണ് തീരുമാനമെടുത്തത്.
കരാര്‍ പ്രകാരം 12 സുഖോയ് 30 വിമാനങ്ങളും 21 മിഗ് 29 എസ് വിമാനങ്ങളും വാങ്ങും. 59 മിഗ് വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ലക്ഷ്യം കാണാനാകുന്ന 248 മിസൈലുകളും ഈ ഇടപാടിലൂടെ സേനയിലെത്തും. 1000 കിലോമീറ്റർ വരെ ലക്ഷ്യം വെക്കാനാകുന്ന മിസൈലുകൾ വാങ്ങാനാണ് തീരുമാനം. പുതിയ മിഗ് വിമാനങ്ങൾ വാങ്ങുന്നതിനും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുന്നതിനുമായി 7,418 കോടിയും 12 സുഖോയി വിമാനങ്ങൾ വാങ്ങുന്നതിന് 10,730 കോടിയുമാണ് ചെലവ്.
പരമാവധി തദ്ദേശീയമായി നിർമിക്കുന്ന ആയുധങ്ങളെ ആശ്രയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു. 31,130 കോടി രൂപയും തദ്ദേശിയമായി വികസിപ്പിച്ചവക്കായാണ് ചെലവിടുക എന്ന് വർത്താകുറിപ്പിൽ പറയുന്നു.
Post Your Comments