ന്യൂയോർക്ക്: ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം ശക്തമാകുന്നു. ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായുള്ള ജിഇ എയ്‌റോസ്‌പേസിന്റെ കരാര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ് അംഗീകരിച്ചു.
ഇന്ത്യയുമായി ജിഇ ജെറ്റ് എഞ്ചിന്‍ കരാര്‍ തുടരാന്‍ ബൈഡന്‍ ഭരണകൂടത്തിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി വിവിധ സാങ്കേതിക വിദ്യകളുടെ കൈമാറ്റം, ജെറ്റ് എഞ്ചിനുകളുടെ നിര്‍മ്മാണം, ലൈസന്‍സിംഗ് ക്രമീകരണങ്ങള്‍ എന്നിവ നടപ്പാക്കും. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയും യുഎസും തമ്മില്‍ ഈ കരാര്‍ ഉണ്ടാക്കിയത്.
ഈ കരാര്‍ പ്രകാരം, ജിഇ എയ്റോസ്പേസ് അതിന്റെ 80 ശതമാനം സാങ്കേതികവിദ്യയും എഫ്414 ഫൈറ്റര്‍ ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയ്ക്ക് കൈമാറും. 99 ജെറ്റ് എഞ്ചിനുകളുടെ സഹ നിര്‍മ്മാണവും കരാറില്‍ ഉള്‍പ്പെടുന്നു. സാങ്കേതിക കൈമാറ്റമുളളതിനാല്‍ ഇതിന്റെ ചെലവ് കുറയുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments