Latest NewsNewsIndia

അഭിനന്ദന്‍ വര്‍ത്തമാന്‍: പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട ധീര പോരാളി, ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം

അഭിനന്ദന്റെ മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ ‘മീശ’ ഇന്ത്യയിൽ വലിയ ട്രെൻഡായി മാറിയിരുന്നു

അഭിനന്ദന്‍ വര്‍ത്തമാന്‍ ഈ പേര് രാജ്യം മറക്കില്ല ഒരിക്കലും. പാകിസ്താന്റെ ആധുനിക പോര്‍ വിമാനമായ എഫ് 16-നെ തുരത്തിയോടിച്ച സൂപ്പര്‍ ഹീറോയാണ് അഭിനന്ദന്‍ വര്‍ത്തമാന്‍.

പുല്‍വാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26 ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്താന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ ഫെബ്രുവരി 27 ന് തുരത്തിയോടിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം തകർത്ത ധീര സൈനികനാണ് മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ വര്‍ത്തമാന്‍. എന്നാൽ, ഇദ്ദേഹത്തിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തു. മൂന്ന് ദിവസം പാകിസ്താൻ സേനയുടെ യുദ്ധ തടവുകാരനായി ഇദ്ദേഹത്തിന് കഴിയേണ്ടിവന്നു. ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലിലൂടെ അഭിനന്ദനെ പാകിസ്താനു വിട്ടയക്കേണ്ടി വന്നു.

read also: ജൂൺ 21: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ചില രസകരമായ വസ്തുതകൾ അറിയാം

1983 ജൂൺ 21 ന് തമിഴ്നാട്ടിലാണ് അഭിനന്ദന്‍ വര്‍ത്തമാന്‍ ജനിച്ചത്. അച്ഛൻ എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാൻ, അമ്മ ഒരു ഡോക്ടറാണ്. 2019 ഫെബ്രുവരിയിൽ പാക് പിടിയിൽ ആയ അഭിനന്ദൻ മർദ്ദനങ്ങൾ ഏറ്റിട്ടും സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താതെ ധീരമായി നിലകൊണ്ടു. ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലില്‍ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താത്ത അഭിനന്ദന്‍ വര്‍ത്തമാനെ, ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിൽക്കൂടി പാകിസ്താൻകാർ ഇന്ത്യയിലേക്ക് 2019 മാർച്ച് ഒന്നാം തീയതി തിരിച്ചയച്ചു.

വാഗാ അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിച്ച അഭിനന്ദന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അഭിനന്ദന്റെ മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ ‘മീശ’ ഇന്ത്യയിൽ വലിയ ട്രെൻഡായി മാറിയിരുന്നു. യുദ്ധമുഖത്തെ ധീരതയ്ക്ക് നല്‍കുന്ന പുരസ്‌കാരമായ വീരചക്ര (വീര്‍ചക്ര) നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button