കോട്ടയം: യു.ഡി.എഫില്‍ നിന്ന് തങ്ങളെ പുറത്താക്കിയതില്‍ പ്രതികരണവുമായി ജോസ് കെ. മാണി. യു.ഡി.എഫ് പുറത്താക്കിയത് 38 വര്‍ഷം മുന്നണിയെ സംരക്ഷിച്ചു നിര്‍ത്തിയ കെ.എം മാണിയെ തന്നെയാണെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ. മാണി പ്രതികരിച്ചു. യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് അനീതിയാണ്.മുന്നണി ധാരണകള്‍ ലംഘിച്ചതിന്റെ പേരിലാണ് പുറത്താക്കുന്നതെങ്കില്‍ പി.ജെ ജോസഫ് വിഭാഗത്തെയായിരുന്നു പുറത്താക്കേണ്ടിയിരുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു.
ഇതിനെതിരെ യു.ഡി.എഫിന് രേഖാമൂലം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമല്ല യഥാര്‍ത്ഥ പ്രശ്‌നമെന്നും ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതിരുന്നത് ധാര്‍മ്മികതയുടെ പേരിലാണ്. കാലുമാറ്റക്കാര്‍ക്ക് വേണ്ടിയാണ് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ആത്മാഭിമാനം പണയം വയ്ക്കില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.ഇല്ലാത്ത ധാരണയുടെ പേരിലാണ് പുറത്താക്കിയതെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി.
പ്രാദേശിക തലത്തില്‍ പല പഞ്ചായത്തുകളിലെയും ധാരണ ജോസഫ് വിഭാഗം പാലിച്ചില്ല. എന്നാല്‍ അതിനെതിരെ യു.ഡി.എഫില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.ധാരണകളില്‍ ചിലത് മാത്രം യു.ഡി.എഫ് മറന്നുപോകുന്നു. ജോസഫ് പല വട്ടം മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല. സെലക്ടീവ് ജസ്റ്റിസ് ഇന്‍ജസ്റ്റിസാണെന്നും ജോസ് കെ. മാണി പറഞ്ഞു. ഭാവി നടപടികള്‍ നാളെത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
യു ഡി എഫ് പ്രസ്ഥാനത്തെ പടുത്തുയർത്തിയ മാണി സാറിനെയാണ് പുറത്താക്കിയത്; ഇനി എന്ത് ചർച്ച? ജോസ് കെ മാണി
പുറത്താക്കല്‍ തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഏകപക്ഷീയമായി പുറത്താക്കിയിട്ട് ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.യു.ഡി.എഫിന് അന്ത്യശാസനം നല്‍കാന്‍ പി.ജെ ജോസഫിന് എന്ത് അധികാരമാണുള്ളതെന്ന് ജോസ് കെ. മാണി ചോദിച്ചു. പുറത്താക്കിയാലും ജനപ്രതിനിധികള്‍ രാജിവയ്ക്കില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
Post Your Comments