കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽ നിന്ന് പുറത്താക്കിയതിനു ശേഷം നിർണായക പ്രതികരണവുമായി ജോസ് കെ മാണി. യു ഡി എഫ് പ്രസ്ഥാനത്തെ പടുത്തുയർത്തിയ മാണി സാറിനെയാണ് മുന്നണി പുറത്താക്കിയിരിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. പുറത്താക്കിയതിനു ശേഷം ഇനി ചർച്ചയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് ചോദിച്ചു.
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് കെ.മാണി പക്ഷം രാജിവയ്ക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞതോടെ യു ഡി എഫ് കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ജോസ് കെ മാണി വിഭാഗത്തിന് യു ഡി എഫിൽ തുടരാൻ അർഹതയില്ലെന്ന് ചാലക്കുടി എം പി ബെന്നി ബഹനാൻ പറഞ്ഞു. അടുത്ത ദിവസം ചേരുന്ന യോഗത്തിൽ ജോസ് കെ മാണി വിഭാഗത്തിനെ പങ്കെടുപ്പിക്കില്ലെന്ന് ബെന്നി ബഹനാൻ വ്യക്തമാക്കി.
അതേസമയം, യു ഡി എഫ് കടുത്ത തീരുമാനത്തിലേക്ക് കടന്ന സാഹചര്യത്തിൽ മുന്നണി വിട്ട് സ്വതന്ത്രമായി തുടരാൻ ജോസ് വിഭാഗത്തിൽ ആലോചനയുണ്ട്. രാജിവയ്ക്കില്ലെന്നും എന്ത് രാഷ്ട്രീയ നിലപാടെടുത്താലും ജോസ് പക്ഷം ഒറ്റക്കെട്ടായി നിൽക്കുമെന്ന് തോമസ് ചാഴികാടൻ പ്രതികരിച്ചു.
എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്ന നിലപാടുമായി എൻഡിഎ ജോസ് പക്ഷത്തിന് മുന്നിൽ വാതിൽ തുറന്നിട്ടിട്ടുണ്ട്. യുഡിഎഫ് നേതൃത്വമെടുത്ത തീരുമാനത്തിൽ ഞെട്ടലുണ്ടെങ്കിലും പാര്‍ട്ടി വഴിയാധാരം ആകുമെന്ന് ആരും കരുതേണ്ടെന്ന് ഉറപ്പിച്ച് നിൽക്കുകയാണ് ജോസ് കെ മാണി വിഭാഗം. അതേസമയം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത വിവാദത്തിന് ഒടുവിൽ ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതിന്റെ വലിയ ആത്മ വിശ്വാസത്തിലാണ് പിജെ ജോസഫ് വിഭാഗം.
അതേസമയം, നയം വ്യക്തമാകട്ടെ എന്നിട്ട് തീരുമാനം എന്ന നിലപാടിലാണ് ഇടത് മുന്നണി നേതൃത്വം. തിരക്കിട്ട് ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുന്നതിന് പകരം കാത്തിരുന്ന് കാണാനാണ് ഇടത് മുന്നണി തീരുമാനം. യുഡിഎഫിൽ അധികാര തർക്കമാണ്. ജോസ് പക്ഷം നയം വ്യക്തമാക്കട്ടെ, എൽ.ഡി.എഫ് നയത്തിൻ്റെ സമീപനത്തോട് യോജിപ്പുണ്ടെങ്കിൽ മുന്നണിയിലെടുക്കും. അവസരവാദ സമീപനത്തോട് യോജിപ്പില്ലെന്നും സി.പി.എം നേതാവ് എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
Post Your Comments