ഭോപ്പാല്‍ : 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസുമാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികളെന്നും ശിവരാജ് സിങ് ചൗഹാന്‍ കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ വിമർശിക്കുകയും ചെയ്ത ചൗഹാന്‍ രാഹുല്‍ ഗാന്ധി സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും ആരോപിച്ചു. ഭോപ്പാലില്‍ ഇരുന്ന് ഛത്തീസ്ഗഢിലെ ബി.ജെ.പി. പ്രവര്‍ത്തകരുടെ വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ശിവരാജ് സിങ് ചൗഹാന്‍.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ പോലും ധൈര്യപ്പെട്ടിരുന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു. ഇപ്പോൾ ചൈനയ്ക്ക് മോഹഭംഗം ഉണ്ടായത് നരേന്ദ്ര മോദി സര്‍ക്കാര്‍ അതിര്‍ത്തികളില്‍ റോഡുകള്‍ നിര്‍മിച്ചുവെന്നത് കൊണ്ടാണെന്നും ചൗഹാന്‍ വ്യക്തമാക്കി. ഇന്ത്യ വളരുന്നത് തുടര്‍ന്നാല്‍ ചൈനയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ലോകത്തിലെ ഏകരാജ്യമായി മാറുമെന്ന ചിന്തയാണ് ചൈനയ്ക്ക് നിരാശയുണ്ടാക്കുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
ചൈനയ്ക്ക് ഒരിക്കലും ഇന്ത്യയെ ഉപദ്രവിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ രാജ്യത്തെ 130 കോടി ജനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടുവന്നാല്‍ ചൈന നശിക്കുമെന്നും ചൗഹാന്‍ പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തോടെ ചൈനയ്ക്ക് അത് മനസ്സിലായിട്ടുണ്ടാവുമെന്നും ചൗഹാന്‍ വ്യക്തമാക്കി. ഇന്ത്യയെ നയിക്കുന്നത് നരേന്ദ്ര മോദിയാണ്. നമ്മുടെ പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്; നാം ആരെയും പ്രകോപിപ്പിക്കില്ലെന്ന്. എന്നാല്‍ നമ്മെ ആരെങ്കിലും പ്രകോപിപ്പിക്കുകയാണെങ്കില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും. നമ്മുടെ സൈനികര്‍ ചൈനയെ പാഠം പഠിപ്പിച്ചു. ചൈനീസ് സൈനികര്‍ക്ക് തക്ക മറുപടി കൊടുക്കുകയും ചെയ്തു. ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കു മുന്നില്‍ തലകുനിക്കുന്നുവെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ചൈന പ്രശ്‌നത്തിന് ജന്മം നല്‍കിയത് കോണ്‍ഗ്രസാന്നെന്നും ഇതിന് നരേന്ദ്ര മോദി സ്ഥായിയായ പരിഹാരം കാണുമെന്നും ചൗഹാന്‍ പറഞ്ഞു. ഒപ്പം ഇന്ത്യക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Post Your Comments