Latest NewsIndia

വർഷം 12,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ; മധ്യപ്രദേശിലെ ജനപ്രിയ ലാഡ്ലി ബെഹ്ന യോജന

ന്യൂഡൽഹി: സാമൂഹ്യക്ഷേമ പദ്ധതികൾക്ക് തെരഞ്ഞെടുപ്പ് ഫലങ്ങളെയും നേതാക്കളുടെ രാഷ്ട്രീയ ഭാവിയേയും വരെ നിർണയിക്കാനുള്ള സ്വാധീനം ഉണ്ടെന്നതിന് മുൻകാല ചരിത്രത്തിലും നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിൽ ഏറ്റവുമൊടുവിലെ അധ്യായമാണ് മധ്യപ്രദേശിലെ ലാഡ്ലി ബെഹ്ന യോജന. ശക്തരായ സ്ത്രീകൾ, ശക്തമായ കുടുംബം, ശക്തമായ സമൂഹം, ശക്തമായ സംസ്ഥാനം, ശക്തമായ രാജ്യം എന്നതാണ് മുഖ്യമന്ത്രി ലാഡ്ലി ബെഹ്ന യോജന പദ്ധതിയുടെ ആപ്തവാക്യം.

തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം താഴ്ന്ന നിലയിൽ തുടരുന്നതും ഇതു കാരണം സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് തടസ്സമാകുന്നതും കണക്കിലെടുത്താണ് മധ്യപ്രദേശിൽ പദ്ധതി ആവിഷ്കരിച്ചത്. ഇപ്പോൾ നടന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കൈവരിക്കാൻ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ സഹായിച്ച സാമൂഹ്യ ക്ഷേമപദ്ധതി ലാഡ്ലി ബെഹ്ന യോജനയുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ?

സ്ത്രീകളെ ആശ്രയിച്ചു കഴിയുന്ന കുട്ടികളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഗ്രാമീണ മേഖലയിൽ 23.3 ശതമാനവും നഗര മേഖലയിൽ 13.6 ശതമാനവും മാത്രമാണ് മധ്യപ്രദേശിലെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം. ഈയൊരു പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് 2023 ജനുവരി 28ന് മുഖ്യമന്ത്രി ലാഡ്ലി ബെഹ്ന യോജന ആരംഭിക്കുന്നത്.മധ്യപ്രദേശ് സർക്കാരിന്റെ കീഴിലുള്ള ഈ പദ്ധതിയിൽ ഗുണഭോക്താക്കളായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സാമ്പത്തിക സഹായം കൈമാറുന്നു.

പ്രതിമാസം ആയിരം രൂപയാണ് അക്കൗണ്ടിലേക്ക് നൽകുന്നത്. ഇതിലൂടെ വാർഷികമായി 12,000 രൂപ വീതമാണ് അർഹരായ സ്ത്രീകൾക്ക് ലഭിക്കുക. കൂടാതെ, മുതിർന്ന സ്ത്രീകൾക്ക് 400 രൂപ വീതം പെൻഷൻ ഇനത്തിൽ അധികമായും നൽകുന്നുണ്ട്.വിവാഹിതരും തൊഴിൽരഹിതരുമായ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലേയും സ്ത്രീകളെയാണ് ലാഡ്ലി ബെഹന യോജനയിലേക്ക് പരിഗണിക്കുന്നത്. 23 മുതൽ 60 വയസ്സുവരെയാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്.സർക്കാർ ജോലിയുളളവരെയും നികുതി ദായകരായ സ്ത്രീകളേയും പദ്ധതിയിൽ പരിഗണിക്കില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button