ഭോപ്പാല്‍: മധ്യപ്രദേശില്‍ കൂട്ടബലാത്സംഗ സംഭവത്തില്‍ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രംഗത്തെത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്കി.
‘മൈഹാറിലെ ബലാത്സംഗത്തെ കുറിച്ച് വിവരം ലഭിച്ചു. എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു, വലിയ വിഷമം ഉണ്ട്. കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കും’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍ നാഥും രംഗത്തെത്തി. ‘മൈഹാറില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണ്. നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ ചെയ്തത് പോലെ പെണ്‍കുട്ടിയോട് മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ പതിവായി നടക്കുന്നു. നമ്മുടെ സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും സുരക്ഷ ഒരുക്കുന്നതില്‍ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്നു’,കമല്‍ നാഥ് ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത് . സത്ന മേഖലയിലെ ഒരു ക്ഷേത്രത്തിന് സമീപത്തുള്ള കാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച് ശരീരം മുഴുവന്‍ കടിയേറ്റ പാടുകളോടെയാണ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച കാണാതായ പെണ്‍കുട്ടി രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ മൈഹാര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments