
കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയായിരുന്നു കോവിഡിന്റെ വരവ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ഐപിഎല്‍ 13 ആം സീസണ്‍ അടക്കം കായിക ലോകത്തെ സകല മത്സരങ്ങളും നിര്‍ത്തിവച്ചു. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്ഡഡീസ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സാധ്യതകളും തെളിയുകയാണ്. അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ മത്സരം നടത്താന്‍ സമ്മതമറിയിച്ചിരിക്കുകയാണ് ബിസിസിഐ.
ഐപിഎല്ലിന്റെ സാധ്യതകളെ കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെയാണ് ”ഐപിഎല്‍ റദ്ദാക്കില്ല. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. താരങ്ങള്‍, ആരാധകര്‍, ഫ്രാഞ്ചൈസികള്‍ ഇവരെല്ലാം ആഗ്രഹിക്കുന്നത് ഐപിഎല്‍ നടക്കണമെന്നാണ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ തയ്യാറാണ്. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബിസിസിഐ തീരുമാനം കൈക്കൊള്ളും.”
അതിനിടെ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ മുംബൈയിലെ റിലയന്‍സ് സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി. ആരോഗ്യവകുപ്പിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരിശീലനം. ഐപിഎല്‍ തുടങ്ങുകയാണെങ്കില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ആദ്യ മത്സരം മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മിലായിരിക്കും.
Post Your Comments