ആലത്തൂര്‍: ചേട്ടന്റെ കൂടെ പാടത്തും പറമ്പിലും സ്കൂള്‍ ഗ്രൗണ്ടിലും ക്രിക്കറ്റ് കളിച്ചു നടന്ന അഖില ഇനി കേരളത്തിനു വേണ്ടി ബാറ്റേന്തും. ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം പൊന്നു കുട്ടന്റെയും ലതയുടെയും മകള്‍ അഖിലയാണ് അണ്ടര്‍ 19 സംസ്ഥാന ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത്. സഹോദരനോടൊപ്പം ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചു വളര്‍ന്ന ഈ ഇടം കൈ ബാറ്റിംഗ്കാരി ക്രിക്കറ്റിനു വേണ്ടി ഒരു സമയത്ത് പഠനം പോലും ഉപേക്ഷിച്ചിരുന്നു.
ഒരു പക്ഷെ ഈ പേരു പറഞ്ഞാല്‍ പലര്‍ക്കും അറിയില്ലെങ്കിലും ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ വീട്ടുമുറ്റത്ത് ക്രിക്കറ്റ് പന്ത് അടിച്ചു പറത്തുന്ന വീഡിയോ പലരും കണ്ടും ആസ്വാദിച്ചും കാണും. ആ ഇടം കൈ പെണ്‍കുട്ടി തന്നെയാണ് ഇപ്പോള്‍ സംസ്ഥാന ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഈ അഖില എന്ന മിടുക്കി. അഖില ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഷാഫി പറമ്പില്‍ എം.എല്‍.എ. ക്രിക്കറ്റ് കിറ്റ് സമ്മാനിച്ചിരുന്നു. തുടര്‍ പരിശീലനം സൗദി ഇന്ത്യ റൈഡേഴ്സ് ക്ലബ് അല്‍ ജാസീം സുല്‍ത്താന്‍ ഗ്രൂപ്പും ഏറ്റെടുത്തു.
ചേട്ടന് അഖില്‍ പ്രദേശിക ക്രിക്കറ്റ് മത്സരങ്ങളില്‍ മികച്ച കളിക്കാരനാണ്. ചിറ്റിലഞ്ചേരി എം.എന്‍.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് കഴിഞ്ഞ് പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് നടത്തിയ ജില്ലാ ടീം തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് അഖിലയ്ക്ക് തുടര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്.
കോച്ച് സി. വേണുഗോപാലിനു കീഴില്‍ രണ്ടുവര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് അഖില സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ വയനാട് ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിശീലനത്തിന് തെരഞ്ഞെടുത്തു. പിന്നീട് ഇടയ്ക്ക് മുടങ്ങിയ പ്ലസ് ടു പഠനം മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഖില പുനാരാരംഭിച്ചു. അക്കാഡമി കോച്ചുകളായ ജെസ്റ്റിന് ഫര്‍ണാണ്ടസ്, ടി. ദീപ്തി എന്നിവരുടെ കീഴിലാണു പരിശീലനം.
Post Your Comments