
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ നടപടി സർക്കാർ റദ്ദാക്കിയിരുന്നു. ‘ശമ്പള രഹിത സേവനം 41 ആം ദിവസത്തിലേക്ക്’ എന്ന ബാഡ്‌ജുമായി അഖില ജോലിക്ക് പോയതും തുടർന്നുള്ള സംഭവങ്ങളുമാണ് വിവാദമായത്. വേറിട്ട സമരമുറ സർക്കാരിന് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു കെ.എസ്.ആർ.ടി.സിയുടെ പ്രതികാര നടപടി. ക്യാൻസർ അതിജീവത കൂടിയായ അഖിലയ്‌ക്കെതിരായ നടപടി വിവാദമായതോടെ സർക്കാർ സ്ഥലം മാറ്റൽ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
സംഭവം വാർത്തയായതോടെ താൻ ബിഎംസ് സംഘടനയിൽ അംഗത്വമുള്ള വ്യക്തിയാണെന്ന് അഖില തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഒരു പ്രസ്താവനയിൽ പ്രതിരോധ കോട്ട തീർക്കുകയാണ് സൈബർ സഖാക്കൾ. ജോലി ചെയ്തിട്ടും കൂലി നൽകാത്ത സർക്കാരിനെതിരെ ശബ്ദമുയർത്താത്ത ഇവർ പ്രതിഷേധക്കാരിയായ അഖില ബി.എം.എസുകാരിയാണെന്ന് അറിഞ്ഞതോടെ എല്ലാത്തിനും ഒരു രാഷ്ട്രീയ മുഖമുണ്ടെന്ന് വരുത്തി തീർക്കുകയാണ്. സർക്കാരിനെതിരെ അഖില മനഃപൂർവ്വം പ്രതിഷേധിച്ചതാണെന്നാണ് ഇവരുടെ വാദം. അത്തരമൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവിധ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:
കഥ അറിയാതെ ആട്ടം കാണുന്നവരുടെ അറിവിലേക്ക് ആണ് …
പ്രിയ സഹോദരീ…
അദ്ധ്വാധ്വാത്തിന് വേതനം ലഭിക്കണമെന്നത് അവകാശമാണ്..
41 ദിവസം അത് തുടർച്ചയായി നിഷേധിക്കുന്നുവെങ്കിൽ അപരാധവുമാണ്…
ആ വിഷയത്തിൽ 100% നിനക്കൊപ്പവുമാണ്…. എന്നാൽ സഹോദരിക്ക് നവംബറിലെ ശമ്പളം ഡിസംബർ 18 നു കിട്ടിയിട്ടുണ്ട്.
ഡിസംബറിലെ ശമ്പളം ജനുവരി 12 നും വാങ്ങിയിട്ടുണ്ട്.
41 ദിവസമായി ശമ്പളം കിട്ടിയിട്ടില്ല എന്ന് പറഞ്ഞു സമരം ചെയ്യുന്നത്
ജനുവരി 11നാണ്.
അതായത് നവംബറിലെ ശമ്പളം
13 ദിവസം വൈകിയും
ഡിസംബറിലെ ശമ്പളം 5 ദിവസവും വൈകിയും ആണെങ്കിലും KSRTC ചേച്ചിക്ക് കൊടുത്തിട്ടുണ്ട്.
ജോലി ചെയ്യുന്നതിന് മുൻപേ ചേച്ചിക്ക് കൂലി വേണമെന്ന് തോന്നുന്നതും സ്വാഭാവികം…..
പക്ഷെ ഞങ്ങളും ജോലി ചെയ്യുന്നവരാണ്..
ആദ്യം ജോലി… പിന്നീട് കൂലി എന്നതാണ് ലോകത്ത് എവിടെയും ഉള്ള കാര്യം.
മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന KSRTC യിലെ BMS യൂണിയൻകാരിക്ക് മാത്രം ഇത് ബാധകമല്ല എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടാണ് എന്ന് തന്നെ പറയട്ടെ ?
സഹോദരി നീ ഈ നാടകത്തിലെ അഭിനേത്രി മാത്രമാണ്… നിന്നെ വേഷം കെട്ടിച്ച് ഈ നാടകത്തിൻ്റെ മുന്നിലെത്തിച്ചതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്.. ഒരു KSRTC ജീവനക്കാരിയുടെ ഇളിയിൽ തൂക്കിയ ചെറുപോസ്റ്ററിന് ഏഷ്യാനെറ്റിലും മാതൃഭൂമിയിലും 24 ലും ലഭിച്ച
വൻ സ്വീകാര്യത ഈ അജണ്ടയുടെ
ഭാഗം തന്നെയാണ്…
സുജയ പാർവതിയിലൂടെയും ശ്രീനിവാസനിലൂടെയും കേരളം അത് കണ്ട് കൊണ്ടിരിക്കുകയാണ്.. ഇത് ഒരു ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയാത്ത ചില വിശാലഹൃദയരും മരമണ്ടൻമാരുമായ സൈബർ സഖാക്കൾ പോലും അറിഞ്ഞോ അറിയാതെയോ ഈ കുഴിയിൽ വീണുപോകുന്നുണ്ട് …
നീതി നിഷേധിക്കപ്പെട്ട ഒരു സഹോദരിയായി വന്നാൽ കൂടെപ്പിറപ്പുകളെ പോലെ ഒപ്പപമുണ്ടാകും… മറ്റ് അജണ്ടകളുമായി വന്നാൽ തിരിച്ചറിവിനുള്ള വിദ്യാഭ്യാസവും നേടിയവരാണ് മലയാളികൾ എന്നേ പറയാനുള്ളൂ..
Post Your Comments