തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി സർക്കാർ റദ്ദാക്കിയതിന് പിന്നാലെ അഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ‘ശമ്പള രഹിത സേവനം 41 ആം ദിവസത്തിലേക്ക്’ എന്ന ബാഡ്‌ജുമായി അഖില ജോലിക്ക് പോയതും തുടർന്നുള്ള സംഭവങ്ങളുമാണ് വിവാദമായത്. വേറിട്ട സമരമുറ സർക്കാരിന് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു കെ.എസ്.ആർ.ടി.സിയുടെ പ്രതികാര നടപടി. അഖില ഒരു ക്യാൻസർ അതിജീവത കൂടിയാണ്.
‘ഞാൻ സമരം ചെയ്യാൻ തിരഞ്ഞെടുത്ത ദിവസം രാവിലെ ആര്യനാടുള്ള ഞങ്ങളുടെ ഒരു സഹപ്രവർത്തകൻ ആത്മഹത്യ ചെയ്തിരുന്നു. ഇതൊരു സ്ഥിരം സംഭവമായി മാറുകയാണ്. മാസങ്ങളോളം ശമ്പളം കിട്ടാതെ വരുമ്പോൾ ലോൺ അടവ്, മക്കളുടെ വിദ്യാഭ്യസം, അച്ഛനമ്മമാരുടെ ചികിത്സ, വീട്ടു വാടക ഇങ്ങനെ നൂറായിരം പ്രശ്ങ്ങൾ ആണ് അനുഭവിക്കേണ്ടി വരുന്നത്. ശമ്പളം മുടങ്ങുമ്പോൾ ആത്മഹത്യ അല്ലാതെ മറ്റ് വഴികൾ ഇല്ലാതാകുന്നു. ഞാൻ ബിഎംസ് സംഘടനയിൽ അംഗത്വമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ബിഎംസിൻ്റെ പിന്തുണ എനിക്കുണ്ട്. പിന്നെ വിഷയത്തിൽ പിന്തുണ അറിയിച്ച നിരവധി സഹപ്രവർത്തകർ കൂടെയുണ്ട്. എല്ലാവരും കടന്നുപോകുന്ന വിഷയം ഒന്നാണല്ലോ. ആർക്കും എന്നെ തള്ളിപ്പറയാൻ ആകില്ല’, അഖില ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്. ട്രാൻസ്ഫർ നടപടി തെറ്റായിരുന്നുവെന്ന സിഎംഡിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി. അഖിലയെ വൈക്കത്ത് തന്നെ തിരികെ പോസ്റ്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അഖിലയെ സ്ഥലം മാറ്റിയ നടപടി അറിയില്ലെന്നായിരുന്നു ഗാതഗത മന്ത്രി ആന്റണി രാജു നേരത്തേ പ്രതികരിച്ചത്. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments