തിരുവനന്തപുരം: കാസർകോട് പാർട്ടി ഗ്രാമത്തിൽ വൃദ്ധനെ തല്ലിക്കൊന്ന സംഭവത്തിൽ ശരിയായ രീതിയിൽ കേസ് അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് സി.പി.എമ്മിൻ്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കാസർകോട്ടെ സി.പി.എം പാർട്ടി ഗ്രാമമായ ഓലാട്ട് കോളനിയിലെ തമ്പാൻ്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടും നല്ല രീതിയിൽ പൊലീസ് കേസ് അന്വേഷിക്കുന്നില്ല.
ഈ കേസിൽ ഉന്നത സി.പി.എം നേതൃത്വത്തിൻ്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. അധ്യാപകനായ ഒരു സി.പി.എം നേതാവിൻ്റെ മർദ്ദനത്തെ തുടർന്നാണ് തമ്പാൻ മരിച്ചതെന്നാണ് ബന്ധുക്കൾ പോലീസിന് മൊഴി കൊടുത്തിരുന്നത്. എന്നാൽ ആ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു അന്വേഷണവും നടന്നിട്ടില്ല.
സി.പി.എം നിയന്ത്രണത്തിൽ പോലീസ് സംവിധാനമുള്ളപ്പോൾ തമ്പാൻ്റെ ദുരൂഹ മരണത്തിൻ്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കില്ലെന്ന ഭയം ബന്ധുക്കൾക്കും പ്രദേശവാസികൾക്കും ഉണ്ട്. സി.പി.എം ഗ്രാമമായി അറിയപ്പെടുന്ന ഓലാട്ട് കോളനിയിൽ സി.പി.എമ്മിൻ്റെ ഭരണമാണ് നടക്കുന്നത്. മറ്റു ചിന്താഗതിയുള്ളവരെ പീഡിപ്പിക്കുന്ന സമീപനമാണ് സി.പി.എം പിന്തുടരുന്നത്.
ALSO READ: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മരണ സംഖ്യ 16 ആയി
സി.പി.എം തന്നെയാണ് കോടതിയും പോലീസുമെന്ന് നേതാക്കൾ തന്നെ പ്രഖ്യാപിക്കുന്ന കാലത്ത് ശരിയായ നിയമ നിർവഹണം ഉണ്ടാകില്ലെന്ന ആശങ്കയും സാധാരണക്കാർക്കുണ്ട്. ആയതിനാൽ സമ്മർദ്ദത്തിന് വഴങ്ങാതെ തമ്പാൻ്റെ മരണത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാകുകയും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments