തൃശൂർ: കേരളത്തിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഉടനെയാണ് രോഗി മരിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. . മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1716 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Post Your Comments