അബുദാബി : പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി അബുദാബിയില്‍ കോവിഡിന് പ്രത്യേകമായി ആശുപത്രി. വെറും 9 ദിവസം കൊണ്ട് നിര്‍മിച്ചതാണ് അല്‍ വത്തബയിലെ അല്‍ റസീന്‍ ഫീല്‍ഡ് ആശുപത്രി. 46,500 ചതുരശ്ര അടി വലുപ്പമുള്ള ഈ താല്‍ക്കാലിക ആശുപത്രിയില്‍ 205 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ട്. ഇതിനൊപ്പം 48 അത്യന്താധുനിക ഐസിയു സംവിധാനങ്ങളുമുണ്ട്.
മലയാളികള്‍ക്ക് ഏറ്റവും വലിയ അഭയ കേന്ദ്രമാവുകയാണ് ഈ കേന്ദ്രം. കാരണം ഇവിടെയത്തുന്ന രോഗികളില്‍ അറുപതുശതമാനം പേരും ഇന്ത്യക്കാരാണ്. അവരില്‍ത്തന്നെ അറുപതു ശതമാനം പേര്‍ മലയാളികളുമാണെന്ന് ഇവിടെ രോഗീ പരിചരണം കൈകാര്യം ചെയ്യുന്ന അല്‍ മസ്‌റൂയി മെഡിക്കല്‍ സെന്റര്‍ സിഇഒ ഡോ.പാര്‍ഥ ബാനര്‍ജി പറഞ്ഞു.
പത്തുവര്‍ഷത്തോളം ഈ ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാകും. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരം അടിയന്തരമായി നിര്‍മിച്ചതാണ് അബുദാബിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഈ കേന്ദ്രം. കോവിഡ് 19 ചികിത്സയില്‍ യുഎഇ അനന്യമാകുന്നത് ഇതുപോലുള്ള കേന്ദ്രങ്ങളിലൂടെയാണെന്ന് മെഡിക്കല്‍ സംഘത്തിന് പരിശീലനം നല്‍കുന്ന മെഡിക്യൂ ഹെല്‍ത്ത് കെയര്‍ സിഇഒ ബിധാന്‍ ചൗധരി ചൂണ്ടിക്കാട്ടി.
ഒരോ രോഗിക്കും ഇന്റര്‍നെറ്റ്, ടിവി, വയര്‍ലെസ് ഹെഡ് ഫോണ്‍, സോഫ, മേശ ഇവയെല്ലാമൊരുക്കി വീടിന്റെ പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. പച്ച, നീല, മഞ്ഞ എന്നിങ്ങനെ സോണുകള്‍ തിരിച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി 48 ഐസിയു കിടക്കകള്‍ പച്ച സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓക്‌സിജന്‍ ലൈനുകളുള്ള 52 കിടക്കകള്‍ നീല സോണിലാണ്.
ചെറിയ ലക്ഷണങ്ങളുള്ളവരെ കിടത്താന്‍ 105 കിടക്കകള്‍ മഞ്ഞ സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments